ഷാംഅല്‍ശൈഖ്(ഈജിപ്ത്): മേഖലയിലെ സമാധാനത്തിനും വികസനങ്ങള്‍ക്കുമായി ഒരുമിച്ചുപ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍-യുഎഇ രാഷ്ട്രനേതാക്കള്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അബൂദബി വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും യുഎഇ പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാനുമാണ് കൂടിക്കാഴ്ച നടത്തിയത്. ഈജിപ്തിലെ ഷാംഅല്‍ശൈഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടേയും ചര്‍ച്ച.
യുഎഇയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കാനുമുള്ള മേഖലകളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.
അറബ് മേഖലയിലെ പ്രശ്‌നങ്ങളും പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചയായ കൂടിക്കാഴ്ചയില്‍ മേഖലയിലെ സമാധാനവും സുരക്ഷയും സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യവും നിലനിര്‍ത്താനും സഹകരിച്ച് മുന്നോട്ടുപോവുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമാധാന ഉച്ചകോടിയിലെ അജണ്ടകളും നേതാക്കള്‍ വിലയിരുത്തി.