ദോഹ: അമേരിക്കൻ വിമാന നിർമ്മാണ ഭീമനായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങുന്നതിനുള്ള 200 ബില്യൺ ഡോളറിന്റെ കരാറിൽ ഖത്തർ എയർവേയ്സ് ഒപ്പുവെച്ചു. ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിനിടെയാണ് പ്രഖ്യാപിക്കപ്പെട്ടത്.
ദോഹയിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ബോയിങ് സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗ് എന്നിവർ സന്നിഹിതരായിരുന്നു.ഖത്തർ എയർവേയ്സ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ-മീർ, ഓർട്ട്ബെർഗിനൊപ്പം കരാറിൽ ഒപ്പുവെച്ചു.”ഇത് ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ആണെന്ന് കെല്ലി പറഞ്ഞു. 160 വിമാനങ്ങൾ, 200 ബില്യൺ ഡോളർ—ഇത് അവിശ്വസനീയമാണ്,- ട്രംപ് ചടങ്ങിൽ പറഞ്ഞു. “ബോയിങിന് അഭിനന്ദനങ്ങൾ, വിമാനങ്ങൾ വേഗം നിർമ്മിച്ച് എത്തിക്കൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സൗദി അറേബ്യയുമായി നിരവധി കരാറുകൾ ഒപ്പുവെച്ച ശേഷമാണ് ട്രംപ് ഖത്തറിലെത്തിയത്. ഖത്തർ എയർവേയ്സിന്റെ ഈ ഓർഡർ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബോയിങിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ബോയിങും ഖത്തർ എയർവേയ്സും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാകുന്നതോടെ, ഇത് ആഗോള വ്യോമയാന വിപണിയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്താനാകും.