കോഴിക്കോട്- മലപ്പുറം ജില്ലയിൽ പിടികൂടുന്ന സ്വർണവും ഹവാല പണവും തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയുള്ളതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പി.വി അൻവർ എം.എൽ.എ. കോഴിക്കോട് മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പി.വി അൻവർ. മുഖ്യമന്ത്രിയുടെ പോക്ക് വളരെ അപകടകരമായതാണ്. ഇത് ശരിയായ രീതിയിലുള്ളതല്ല. കരിപ്പൂർ വഴി വരുന്ന സ്വർണ്ണം കേരളത്തിലേക്കും പുറത്തേക്കും പോകുന്നുണ്ട്. എന്നാൽ മലപ്പുറത്തെയാണ് കുറ്റപ്പെടുത്തുന്നത്.
പാനൂരിലെ മുഹമ്മദ് ആഷിറിന്റെ മരണവുമായി ബന്ധപ്പെട്ടും അൻവർ പരാതി ഉന്നയിച്ചു. ആഷിറിന്റെ മരണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയക്ക് പങ്കുണ്ട്. ഈ കേസിലും കാര്യമായതും കൃത്യമായതുമായ അന്വേഷണം നടന്നില്ലെന്നും അൻവർ ആരോപിച്ചു.
കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ കടക്കൽ കത്തിവെക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. മതസൗഹാർദ്ദത്തെ തുരങ്കംവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൗരത്വഭേദഗതിയിലും ഏകസിവിൽ കോഡ് വിഷയത്തിലും സി.പി.എം സ്വീകരിച്ച നിലപാട് ആത്മാർത്ഥമുള്ളതായിരുന്നു. എന്നാൽ ഒന്നര കൊല്ലത്തിന് ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കേരള പോലീസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം ഇടതുമുന്നണിയെയും സർക്കാറിനെയും വെറുക്കാൻ കാരണമായെന്നും അൻവർ ആരോപിച്ചു.
കേരളത്തിൽ ഒരു കേസും തെളിയാൻ പോകുന്നില്ല. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള കൂട്ടുകെട്ട് അത്രയും ശക്തമാണെന്നും അൻവർ പറഞ്ഞു. മാമി കേസിൽ ആദ്യം സത്യസന്ധമായി അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥനെ എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്. ഇതിനെതിരെ പ്രതികരിച്ചിട്ടും ഫലമുണ്ടായില്ലെന്നും അൻവർ പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച വിക്രമിനെ വീണ്ടും അന്വേഷണ ചുതമല ഏൽപ്പിക്കണമെന്നും അൻവർ ആവർത്തിച്ച് ആവശ്യപ്പെട്ടു.