മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പി.വി അൻവർ എം.എൽ.എയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം എസ്.പിയുടെ വീട്ടിൽ എത്തിയ എം.എൽ.എയെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് എസ്.പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ എം.എൽ.എ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ലൈഫ് പദ്ധതി അട്ടിമറിക്കാൻ എസ്.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കുത്തിയിരിപ്പ് സമരം.
എസ്.പി ഓഫീസ് കോംപൗണ്ടിൽനിന്ന് മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതി അന്വേഷിക്കാനാണ് താൻ എത്തിയതെന്നും എന്നാൽ തന്നെ പോലീസ് അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും എം.എൽ.എ ആരോപിച്ചിരുന്നു.
വി. ഷെയ്പ്പിൽ വളർന്ന ഒരു മരത്തിന്റെ ഒരു ഭാഗമാണ് മുറിച്ചതെന്ന് എം.എൽ.എ ആരോപിച്ചു. എസ്.പി ഓഫീസിൽനിന്ന് മുറിച്ച മരങ്ങൾ തിരൂരിലെത്തിച്ച് ഫർണിച്ചറാക്കി പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലേക്ക് മാറ്റിയെന്നും എം.എൽ.എ പറഞ്ഞു. ഇതിന് എസ്.പി കൂട്ടുനിൽക്കുകയാണ്. സ്വന്തം വീട്ടുമുറ്റത്ത് നടന്ന കളവിനെ പറ്റി എസ്.പി അന്വേഷിക്കുന്നില്ല. എ.ഡി.ജി.പി എം.ആർ അജിത് കുമാർ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹത്തെ സസ്പെന്റ് ചെയ്ത് ജയിലിൽ ഇടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഗവണ്മെന്റിന്റെ കൂടെനിന്ന് സർക്കാരിനെ തകർക്കുകയാണ് അജിത് കുമാർ ചെയ്യുന്നത്. വ്യക്തിപരമായ പരാതി സർക്കാരുമായി പങ്കുവെച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി.
അതേസമയം, മരം മുറിച്ചിട്ടില്ലെന്നും മരത്തിന്റെ ശിഖിരങ്ങൾ മാത്രമാണ് വെട്ടിയത് എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.