തിരുവനന്തപുരം- കേരള പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരായ ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എൽ.എ വീണ്ടും. കേരളത്തെ ഒന്നു കുലുക്കാനും കലക്കാനും കലങ്ങിത്തെളിയാനുമാണ് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് ആവർത്തിച്ച അൻവർ മുഖ്യമന്ത്രിക്ക് എതിരെയും കുന്തമുന തിരിച്ചുവെച്ചു. അധികം വൈകാതെ എല്ലാം കളങ്ങിത്തെളിയുമെന്നും അൻവർ പറഞ്ഞു. പ്രവർത്തകർ തലയിൽ മുണ്ടിട്ടു നടക്കുന്ന അവസ്ഥയാണിപ്പോൾ. ഇത് മാറണമെന്നും പി.ശശി സമ്പൂർണ്ണ പരാജയമാണെന്നും അൻവർ പറഞ്ഞു. തന്റെ ആരോപണം സംബന്ധിച്ച് സി.പി.എമ്മിലെയോ സി.പി.എം സഹയാത്രികരായ എം.എൽ.എമാരുമായോ മുൻ എം.എൽ.എമാരുമായോ സംസാരിച്ചിട്ടില്ല. കാരാട്ട് റസാഖുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. കെ,ടി ജലീലുമായി ഇന്നലെ സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൻവർ പറഞ്ഞു.
തൃശൂർ പൂരത്തിലെ കാട്ടുകളളൻ എ.ഡി.ജി.പിയാണ്. അയാൾ അന്വേഷിച്ചാൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. ട്രിപ്പിൾ ഏജന്റാണ് എ.ഡി.ജി.പി. ബി.ജെ.പിയുടെയും യുഡി.എഫിന്റെയും ആളായി നിൽക്കുകയും അതേസമയം തന്നെ മുഖ്യമന്ത്രിയെയും പാർട്ടിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ് എ.ഡി.ജി.പി അജിത് കുമാർ ചെയ്തത്.
പി.ശശിക്ക് എതിരായ ആരോപണം പാർട്ടി ശരിയായി പരിശോധിച്ചില്ലെങ്കിൽ എനിക്ക് ഇനിയും ചില കാര്യങ്ങൾ പുറത്തുവിടേണ്ടി വരുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. താൻ കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. എ.ഡി.ജി.പി അധിക കാലം ആ കസേരയിലുണ്ടാകില്ല. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സ്വർണ്ണം കൊണ്ടുവരുന്നവരുടെ വീടുകളിൽ സുജിത് ദാസിന്റെ നിർദ്ദേശം അനുസരിച്ച് ഡാൻസാഫ് സംഘം പരിശോധന നടക്കുകയാണെന്നും അൻവർ ആരോപിച്ചു.
രണ്ടു വർഷം ആർ.എസ്.എസിന്റെ യോഗത്തിൽ അജിത് കുമാർ പങ്കെടുത്തുവെന്ന വിവരമുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അൻവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞത്. സുനിൽ കുമാറിനെയല്ല, തൃശൂരിൽ ഇടതുപക്ഷ മുന്നണിയെയും ബലിയാടാക്കുകയാണ് എ.ഡി.ജി.പി അനിൽകുമാർ ചെയ്തതെന്നും അൻവർ ആരോപിച്ചു. എ.ഡി.ജി.പിക്ക് അധികാരം മാത്രമല്ല, പണവും ഗുണ്ടാസംഘങ്ങളും ഉണ്ട്. ദുബായിൽ ഇദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടെന്നും അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ അതിന് ഉത്തരം പറയുന്നില്ലെന്നായിരുന്നു എന്നായിരുന്നു അൻവറിന്റെ മറുപടി. മുഖ്യമന്ത്രിയുടെ ഗ്രാഫ് പൊതുജനങ്ങൾക്കിടയിൽ കുറഞ്ഞുവെന്നും ഇതിന് ഇടയാക്കിയത് പോലീസാണെന്നും അൻവർ പറഞ്ഞു.