കൊല്‍ക്കത്ത: യുഡിഎഫിനോട് അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെ അപ്രതീക്ഷിതമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയുടെ സംസ്ഥാന കോഓര്‍ഡിനേറ്ററായി നിയമിച്ചു. കൊല്‍ക്കത്തയിലെത്തിയ അന്‍വര്‍ തൃണമൂലിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. അഭിഷേക് അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കൊപ്പം ശനിയാഴ്ച അന്‍വര്‍ മാധ്യമങ്ങളെ കാണുമെന്നാണ് അന്‍വറിന്റെ ഓഫീസ് അറിയിക്കുന്നത്. മമതയെ പങ്കെടുപ്പിച്ച് കേരളത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്‍വറും സംഘവും. ഈ മാസം അവസാനമോ, ഫെബ്രുവരി ആദ്യത്തിലോ മമത ബാനര്‍ജി കേരളത്തിലെത്തുമെന്നാണ് സൂചന. കോഴിക്കോട്ടോ മലപ്പുറത്തോ പൊതുസമ്മേളനം സംഘടിപ്പിക്കാനാണു പദ്ധതി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി അന്‍വനിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചേക്കും.