ധാക്ക- ജോലിക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമായ ബംഗ്ലാദേശിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം ആരംഭിച്ചത് മുതൽ കലാപം ഏറ്റവും രൂക്ഷമായ വ്യാഴാഴ്ച മാത്രം പതിമൂന്നു പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങൾക്കാണ് പോലീസ് വെടിവെപ്പിലും ലാത്തിചാർജിലും പരിക്കേറ്റത്. ധാക്കയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വടികളും കല്ലുകളും ഉപയോഗിച്ച് സായുധ പോലീസുമായി ഏറ്റുമുട്ടി. ആക്രമണം ശമിപ്പിക്കാൻ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി.
ഇന്ന് കൊല്ലപ്പെട്ടവരിൽ ഏറെയും നെഞ്ചിന് വെടിയേറ്റവരാണ്. ബസ് ഡ്രൈവറും റിക്ഷ വലിക്കുന്നവരും വിദ്യാർഥികളും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു.
പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപകമായ പ്രക്ഷോഭമാണിത്. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലിയിലാണ് ബംഗ്ലാദേശിൽ. രാജ്യത്തെ 170 ദശലക്ഷം ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്തവരാണ്.
1971ലെ പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% നീക്കിവെക്കുന്ന സംവരണ നിയമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കലാപം. 2018ൽ ഹസീനയുടെ സർക്കാർ ക്വാട്ട സമ്പ്രദായം റദ്ദാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഹൈക്കോടതി ഇത് പുനഃസ്ഥാപിച്ചു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുകയും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച മരിച്ചവരിൽ 11 പേരും ധാക്കയിലാണ്. തലസ്ഥാനത്തെ പ്രധാന സർവ്വകലാശാല കാമ്പസാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം. നഗരത്തിൻ്റെ മറ്റ് പോക്കറ്റുകളിൽ ശക്തമായ പ്രകടനങ്ങൾ നടന്നു.
സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് നിയമമന്ത്രി അനിസുൽ ഹഖ് പറഞ്ഞു. ചർച്ചകളും വെടിവെപ്പും ഒരുമിച്ച് പോകില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭക്കാർ ക്ഷണം നിരസിച്ചു.