ന്യൂയോർക്ക്- യുവത്വം അരാഷ്ട്രീയമാണെന്നും ചുറ്റിലും നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധേയില്ലെന്നും ആക്ഷേപിച്ച് നിരാശരായി കഴിയുന്നവർ അമേരിക്കയിലേക്ക് നോക്കുക. വർത്തമാന കാലത്തെ ഏറ്റവും വലിയ നീതികേടിനെതിരെ കലാലയങ്ങളിൽ പോരാടുന്ന വിദ്യാർത്ഥി സമൂഹത്തെ നിങ്ങൾക്കവിടെ കാണാം. അമേരിക്കയിലെ കാംപസുകളിൽ ഗാസക്ക് അനുകൂലമായും ഇസ്രായിലിനും അമേരിക്കക്കും എതിരെയും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
തങ്ങളുടെ സർവകലാശാലകൾ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നും ഇസ്രായേലിൻ്റെ സൈനിക പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന കമ്പനികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. അമേരിക്കയിലെ പ്രമുഖമായ പതിനാല് ക്യാംപസുകളിലാണ് ഇതോടകം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
കൊളംബിയ
ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രതിഷേധക്കാർ ന്യൂയോർക്കിലെ ഐവി ലീഗ് സർവകലാശാലയിൽ കൂടാരം കെട്ടി.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ ക്യാംപസിനകത്ത് പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വെടിനിർത്തൽ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി പ്രമേയം പാസാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി
102 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശനിയാഴ്ച ക്യാമ്പസിലെ ഒരു ക്യാമ്പ് നീക്കം ചെയ്തുവെന്നും പോലീസ് അറിയിച്ചു. ക്യാംപസിൽ അതിക്രമിച്ച് കടക്കുന്നതും ക്രമരഹിതമായി പെരുമാറിയാൽ കേസെടുക്കുമെന്നും മാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് അറിയിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ സമരം സമാധാനപരമാണെന്നും ഗാസയിലെ വംശഹത്യക്ക് എതിരെ ലോക മനസാക്ഷിയെ ഉണർത്തുമെന്നും വ്യക്തമാക്കി.
കാലിഫോർണിയ സ്റ്റേറ്റ് പോളിടെക്നിക് യൂണിവേഴ്സിറ്റി, ഹംബോൾട്ട്യൂ
വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് യൂണിവേഴ്സിറ്റി മെയ് പത്തു വരെ അധികൃതർ അടച്ചുപൂട്ടി.