ന്യൂദൽഹി- ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച റായ്ബറേലി നിലനിർത്തി വയനാട് രാഹുൽ ഗാന്ധി ഒഴിയും. പകരം പ്രിയങ്ക ഗാന്ധി വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ലോക്സഭയിലേക്ക് പ്രിയങ്കയുടെ കന്നിയങ്കമാണിത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും റായ്ബറേലിയിൽനിന്നും മത്സരിച്ച രാഹുൽ രണ്ടിടത്തുനിന്നും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ, ഏത് മണ്ഡലം നിലനിർത്തണം എന്നത് സംബന്ധിച്ച് താൻ ആലോചനയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് രാഹുൽ വയനാട് നിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയത്. കഴിഞ്ഞ തവണയും യു.പിയിലെ അമേത്തിയിൽനിന്ന് രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും അവിടെ പരാജയപ്പെട്ടു.