ന്യൂദൽഹി: ഫലസ്തീൻ എന്നെഴുതിയ ബാഗ് തോളിലിട്ട് പാർലമെന്റിൽ എത്തിയതിന്റെ പേരിൽ തനിക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തെ മുഖവിലക്കെടുക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പിയുടെ പ്രതിഷേധത്തെ ‘സാധാരണ പുരുഷാധിപത്യം’ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, ഞാൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണോ എന്നും ചോദിച്ചു. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണ്. ഞാൻ അതിനെ പരിഗണിക്കുന്നില്ല. എനിക്ക് വേണ്ടത് ഞാൻ ധരിക്കും- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
“ഇതിനെക്കുറിച്ച് എൻ്റെ വിശ്വാസങ്ങൾ എന്താണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, നിങ്ങൾ എൻ്റെ ട്വിറ്റർ ഹാൻഡിൽ നോക്കിയാൽ എൻ്റെ എല്ലാ അഭിപ്രായങ്ങളും അവിടെ കാണാം- ബാഗ് ഉയർത്തിപ്പിടിച്ച് പ്രിയങ്ക പറഞ്ഞു,
പ്രിയങ്ക ഇന്നലെ പാർലമെൻ്റിലേക്ക് കൊണ്ടു പോയ ബാഗിൽ ഫലസ്തീൻ എന്ന് എഴുതിയിരുന്നു. ഫലസ്തീനുമായുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായ തണ്ണിമത്തന്റെ ചിത്രവും ബാഗിൽ ഉണ്ടായിരുന്നു. ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ പ്രിയങ്ക നേരത്തെ ശബ്ദമുയർത്തുകയും ചെയ്തതാണ്.
“വാർത്തകൾക്കുവേണ്ടിയാണ് ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോൾ, അവർ അത്തരം നടപടികളിലേക്ക് തിരിയുന്നു.” എന്നുമാണ് രാജ്യസഭാ എംപി ഗുലാം അലി ഖത്താന ഇതിനെ വിശേഷിപ്പിച്ചത്.
അതിനിടെ, ഫലസ്തീൻ ഹാൻഡ്‌ബാഗ് വിവാദത്തിന് പിന്നാലെ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള മുദ്രാവാക്യം ഉൾക്കൊള്ളുന്ന പുതിയ ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്.
ഈ വർഷമാദ്യം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണ സംഭവങ്ങളെ പരാമർശിച്ച് “ബംഗ്ലാദേശി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കൂ” എന്നായിരുന്നു ബാഗിലെ ഉദ്ധരണി.

പ്രിയങ്ക ഗാന്ധിയുടെ “ബാഗ് നീക്കം” മറ്റ് പ്രതിപക്ഷ എം.പിമാർക്കും സമാനമായ ബാഗുകൾ വഹിക്കാനും ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും പ്രചോദനമായി. തിങ്കളാഴ്ച ലോക്‌സഭയിലെ സീറോ അവറിൽ നടത്തിയ പ്രസംഗത്തിൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിഷയം ഉന്നയിക്കണമെന്ന് പ്രിയങ്ക ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സുരക്ഷ ഉറപ്പാക്കാൻ ധാക്കയുമായി നയതന്ത്രപരമായി ഇടപെടണമെന്നും അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാരുമായി ചർച്ച ചെയ്യണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.