കൊച്ചി- ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്നും മാതൃകാപരമായ ശിക്ഷ നിർബന്ധമാണെന്നും നടൻ പൃഥിരാജ്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്. ആരോപണം ഉന്നയിച്ചാൽ അന്വേഷണം ഉണ്ടാകണം. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാലും നടപടികളുണ്ടാകണം. ഇരകളുടെ പേര് മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂ. കുറ്റാരോപിതരുടെ പേര് പുറത്തുപറയുന്നതിൽ ഒരു പ്രശ്നവുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ട് ഞാൻ ഞെട്ടേണ്ട കാര്യമില്ലെന്നും ആ കമ്മിറ്റിക്ക് മുമ്പാകെ ആദ്യമായി മൊഴി നൽകിയത് ഞാനാണെന്നും വ്യക്തമാക്കിയ പൃഥിരാജ് ഹേമ കമ്മിറ്റിയിൽ തുടർനടപടികളാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ അമ്മയിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നതിൽ ഒരു സംശയവുമില്ല. എനിക്ക് ചുറ്റിലുമുള്ള വർക്ക്സ്പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതിൽ തീരുന്നതല്ല ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്വം. ഞാൻ ഇതിൽ ഇല്ല എന്നു പറയുന്നതിൽ കാര്യമില്ലെന്നും പൃഥി വ്യക്തമാക്കി. സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് എതിരെ ആരോപണം ഉണ്ടാകുകയാണെങ്കിൽ അവർ ആ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് നടൻ ബാബുരാജിന് എതിരായ ആരോപണം സംബന്ധിച്ച ചോദ്യത്തിന് പൃഥിരാജ് മറുപടി പറഞ്ഞു. ചാനലുകളിൽ പുറത്തുവന്ന വാർത്ത സംബന്ധിച്ച് പ്രതികരണം നടത്താൻ കഴിയില്ലെന്നും അത്രയും വിശ്വാസ്യത മാധ്യമങ്ങൾക്കുണ്ടോ എന്നും പൃഥി ചോദിച്ചു.
പാർവതിക്ക് മുന്നേ സിനിമയിൽ ബഹിഷ്കരണം നേരിട്ടത് തനിക്കായിരുന്നു. സിനിമയിൽ പവർ ഗ്രൂപ്പുണ്ടോ എന്ന ചോദ്യത്തിന് ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അതില്ല എന്ന് പറയാനാകില്ലെന്നും പൃഥിരാജ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചോദ്യങ്ങളുണ്ടാകുമെന്ന് അറിയാമെന്നും ചോദ്യങ്ങൾ വരട്ടെയെന്നും പറഞ്ഞാണ് പൃഥി പത്രസമ്മേളനം തുടങ്ങിയത്.