വാഷിംഗ്ടണ്‍ – സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഷിംഗ്ടണില്‍ വൈറ്റ് ഹൗസില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ആക്ടിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍, സൗദി-അമേരിക്കന്‍ പങ്കാളിത്തം, ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികള്‍, മേഖലയിലും ലോകത്തും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.


അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, ജനറല്‍ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍റുവൈലി, എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് അല്‍ബയാരി, ഇന്റലിജന്‍സ് കാര്യങ്ങള്‍ക്കുള്ള പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സെയ്ഫ്, അമേരിക്കന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമുമായി സൗദി പ്രതിരോധ മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും സഹകരണവും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.





