റിയാദ്: സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്. അറ്റകുറ്റപണികൾക്ക് മാത്രമേ ഇത്തരം കടകളിൽ പുരുഷൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്ന കടകളിൽ സ്ത്രീകൾക്ക് മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നും. വാണിജ്യമന്ത്രാലയം അറിയിച്ചു. ഇവിടെ തൊഴിലാളികളും ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയാൽ അറ്റകുറ്റപണികൾക്കായി പുരുഷൻമാർക്ക് പ്രവേശിക്കാം.
ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത കണക്കിലെടുത്ത് സ്ത്രീകളുടെ തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യണം. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയരുത്. ഷോപ്പിൻ്റെ മുൻവശത്ത് ഒരു റിസപ്ഷനും ഡിസ്പ്ലേ ഏരിയയും അനുവദിക്കണം. ജോലി സ്ഥലത്തെ ഈ ഏരിയയുമായി വേർതിരിച്ചിരിക്കണം. അകത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പാടില്ല.
തയ്യൽ കടകളിൽ എല്ലാത്തരം പുകയിലകളും വലിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. വാണിജ്യ രജിസ്റ്ററും സിവിൽ ഡിഫൻസ് സൗകര്യവും ഉണ്ടായിരിക്കണം. സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണം.
എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ഇലക്ട്രോണിക് പേയ്മെൻ്റ് രീതികളുടെ സ്റ്റിക്കറുകൾ, ക്യുആർ കോഡ് സ്റ്റിക്കർ, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ സ്റ്റോറിൻ്റെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ പതിക്കരുത്. അതേസമയം, സ്ത്രീകളുടെ തയ്യൽ കടകളിലെ ഗ്ലാസുകൾ സുതാര്യമാകരുതെന്നും നിർദ്ദേശമുണ്ട്.