(താമരശ്ശേരി) കോഴിക്കോട് – ഭർത്താവിനെയും നാലു വയസ്സുള്ള മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ 24-കാരിയായ ഗർഭിണി കാമുകനൊപ്പം ജീവിക്കാൻ അനുമതി തേടി കോടതിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വടകര പോലീസ് സ്റ്റേഷനിൽ യുവതി കാമുകനൊപ്പം ഹാജറായത്.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും യുവതി കാമുകന്റെ കാറിൽ കയറി പോയതായാണ് താമരശ്ശേരി പോലീസിൽ രജിസ്റ്റർ ചെയ്ത പരാതിയിലുള്ളത്. ഇന്നലെ വൈകീട്ട് വടകര പോലീസ് സ്റ്റേഷനിൽ ഹാജറായ യുവതിയെ പിന്നീട് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തുകയായിരുന്നു പോലീസ്. ചർച്ചയിൽ തനിക്ക് കാമുകനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് യുവതി പറഞ്ഞു. തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ അവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന ഭർത്താവ് നല്കിയ ആഭരണങ്ങൾ തിരികെ വാങ്ങിച്ചതായി പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുട്ടിയുള്ള യുവതി നിലവിൽ രണ്ടുമാസം ഗർഭിണിയാണ്. വടകര സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ, കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കുമെന്ന് ഭർത്താവ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group