റിയാദ് – ഉത്തര റിയാദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ കൂടുതല്‍ ജുമാമസ്ജിദുകള്‍ നീക്കിവെക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ ഉത്തര റിയാദില്‍ മൂന്നു മസ്ജിദുകള്‍ കൂടി മയ്യിത്ത് നമസ്‌കാരത്തിന് നീക്കിവെക്കാനാണ് നിര്‍ദേശം. നേരത്തെ തന്നെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്ന ജുമാമസ്ജിദുകള്‍ക്കു പുറമെ, അല്‍സ്വഹാഫ ഡിസ്ട്രിക്ടിലെ ഇമാം അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ജുമാമസ്ജിദ്, അല്‍ആരിദ് ഡിസ്ട്രിക്ടിലെ സ്വാലിഹ് അല്‍അബ്ദുല്ലത്തീഫ് ജുമാമസ്ജിദ്, അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടിലെ ഗാലിബ് അല്‍ഹമദ് ജുമാമസ്ജിദ് എന്നീ പള്ളികള്‍ കൂടി മയ്യിത്ത് നമസ്‌കാരത്തിന് നീക്കിവെക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
കിഴക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍ റിയാദിലും ഏതാനും ജുമാമസ്ജിദുകള്‍ മയ്യിത്ത് നമസ്‌കാരത്തിന് ഒരുക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതേ കുറിച്ച് വൈകാതെ അറിയിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു. റിയാദ് നഗരം സാക്ഷ്യം വഹിക്കുന്ന വലിയ വികാസത്തിന്റെയും വളര്‍ച്ചയുടെയും ജനത്തിരക്കിന്റെയും പശ്ചാത്തലത്തില്‍, മയ്യിത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുത്ത് പുണ്യം നേടല്‍ വിശ്വാസികള്‍ക്ക് എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ജുമാമസ്ജിദുകളില്‍ മയ്യിത്ത് നമസ്‌കാരം അനുവദിക്കുന്നത്.