ദുബായ് – യു.എ.ഇയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ, നമസ്‌കാര സമയം വേനല്‍ക്കാലത്ത് പത്തു മിനിറ്റ് ആയി ചുരുക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് നിര്‍ദേശിച്ചു. നാളെ മുതല്‍ ഒക്‌ടോബര്‍ ആദ്യം വരെ ഇത് നിലവിലുണ്ടാകും.
ഖുതുബക്കും നമസ്‌കാരത്തിനും എടുക്കുന്ന സമയം പത്തു മിനിറ്റില്‍ കവിയരുതെന്നാണ് നിര്‍ദേശം. താപനില ഉയരുന്ന വേനല്‍ക്കാലത്ത് വിശ്വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മസ്ജിദുകളില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനും ലക്ഷ്യമിട്ടാണിതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് പറഞ്ഞു.
മക്കയിലെ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും ജുമുഅ ഖുതുബ, നമസ്‌കാര സമയം പതിനഞ്ചു മിനിറ്റ് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യ ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലെ ഇടവേള പത്തു മിനിറ്റ് ആയും കുറച്ചിട്ടുണ്ട്. കടുത്ത ചൂടും ഹറമുകളില്‍ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഖുതുബ, നമസ്‌കാര സമയം കുറക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ പുതിയ ക്രമീകരണം വേനല്‍ക്കാലം അവസാനിക്കുന്നതു വരെ തുടരും. ഇതനുസരിച്ച് ഇരു ഹറമുകളിലും ഖുതുബക്ക് പത്തു മിനിറ്റോളവും ജുമുഅ നമസ്‌കാരത്തിന് അഞ്ചു മിനിറ്റോളവുമാണ് നീക്കിവെക്കുക.