ജിദ്ദ: സൗദിയില്‍ പെരുന്നാള്‍ നമസ്‌കാര സമയം നിര്‍ണയിച്ച് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സര്‍ക്കുലര്‍ പുറത്തിറക്കി. സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും ഈദ് ഗാഹുകളിലും മസ്ജിദുകളിലും ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയ സമയം പിന്നിട്ട് 15 മിനിറ്റിനു ശേഷമാണ് ഈദുല്‍ ഫിത്ര്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ മന്ത്രി നിര്‍ദേശിച്ചു. മഴക്ക് സാധ്യതയുണ്ടെങ്കില്‍ തുറസ്സായ ഈദ് ഗാഹുകള്‍ ഒഴിവാക്കി പകരം ജുമാമസ്ജിദുകളില്‍ മാത്രമായി പെരുന്നാള്‍ നമസ്‌കാരം പരിമിതപ്പെടുത്തണം.

ഈദ് ഗാഹുകളിലും, ഈദ് ഗാഹുകളോട് ചേര്‍ന്നവ ഒഴികയെുള്ള മുഴുവന്‍ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്തണം. പെരുന്നാള്‍ നമസ്‌കാരത്തിനു വേണ്ടി ഈദ് ഗാഹുകള്‍ നേരത്തെ സജ്ജീകരിക്കാന്‍ മെയിന്റനന്‍സ്, ഓപ്പറേഷന്‍സ് കമ്പനികളെ ചുമതലപ്പെടുത്തണം. തയാറെടുപ്പുകളും സജ്ജീകരണങ്ങളും വിലയിരുത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഊര്‍ജിതമായ ഫീല്‍ഡ് പരിശോധനകള്‍ നടത്തി സാങ്കേതിക സജ്ജീകരണങ്ങളിലും സേവനങ്ങളിലുമുള്ള പോരായ്മകള്‍ ഒഴിവാക്കാന്‍ തല്‍ക്ഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെട്ടു.
സൗദിയിലെ വിവിധ പ്രവിശ്യകളിലായി 19,887 ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. വിശ്വാസികള്‍ക്ക് ആത്മീയ അന്തരീക്ഷത്തില്‍ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരമൊരുക്കി ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാര്‍പെറ്റുകള്‍, അറ്റകുറ്റപ്പണികള്‍, ശുചീകരണ ജോലികള്‍ എന്നിവയോടെ മസ്ജിദുകളും ഈദ് ഗാഹുകളും പൂര്‍ണമായും സജ്ജീകരിക്കുന്നു.