റിയാദ് – പൊതു ഇടങ്ങളുടെയും സന്ദര്‍ശക ആവശ്യങ്ങളുടെയും സംയോജനത്തിന് സഹായിക്കുന്ന തരത്തിൽ തലസ്ഥാന നഗരിയിലെ പ്രധാന പബ്ലിക് പാര്‍ക്കുകളില്‍ 60 നമസ്‌കാര സ്ഥലങ്ങള്‍ സ്ഥാപിച്ച് സജ്ജീകരിക്കാന്‍ അല്‍ശാകിരീന്‍ കമ്മ്യൂണിറ്റി സര്‍വീസ് ഫൗണ്ടേഷനുമായി റിയാദ് നഗരസഭ സാമൂഹിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് കംപ്ലയന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍തുര്‍ക്കിയും അല്‍ശാകിരീന്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുല്‍ഹി ബിന്‍ സലാമ ബിന്‍ സഈദാനുമാണ് കരാറില്‍ ഒപ്പുവെച്ചത്.
പാര്‍ക്കുകള്‍ അടക്കം സമീപത്ത് പള്ളികളില്ലാത്ത വ്യത്യസ്ത പ്രദേശങ്ങളില്‍ സ്ഥാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ അറുപത് നമസ്‌കാര സ്ഥലങ്ങളുടെ നിര്‍മാണം കരാറില്‍ ഉള്‍പ്പെടുന്നു. ഈ നമസ്‌കാര സ്ഥലങ്ങളുടെ നടത്തിപ്പ് ചുമതല നഗരസഭ വഹിക്കും.
ഏകദേശം 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ഒരേസമയം 90 പേര്‍ക്ക് വരെ നമസ്‌കാരം നിര്‍വഹിക്കാന്‍ ശേഷിയോടെയാണ് ഓരോ നമസ്‌കാര സ്ഥലവും സജ്ജീകരിക്കുക.സര്‍ക്കാരും നോണ്‍-പ്രോഫിറ്റ് മേഖലയും തമ്മിലുള്ള സംയോജനത്തിന്റെ മാതൃകയാണ് ഈ സംരംഭം. ഹരിത ചുറ്റുപാടുകളില്‍ മതപരമായ സൗകര്യങ്ങള്‍ ഒരുക്കിയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചും നഗരത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ സേവനങ്ങളും തികഞ്ഞ സൗകര്യം പ്രദാനം ചെയ്തും ജീവിത നിലവാരം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും നഗര വികസനത്തില്‍ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സാമൂഹിക പങ്കാളിത്തം സജീവമാക്കുന്നതിലൂടെയും പാര്‍ക്കുകള്‍ക്കുള്ളില്‍ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും തമ്മിലുള്ള സംയോജനം കൈവരിക്കുന്നതിലൂടെയും നഗര ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള റിയാദ് നഗരസഭയുടെ തന്ത്രത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.