ന്യൂദൽഹി- 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തൻ്റെ പ്രവചനങ്ങൾ തെറ്റിപ്പോയതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമ്മതിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള തൻ്റെ വിലയിരുത്തലുകളിൽ അപാകത സംഭവിച്ചുവെന്നും ഇന്ത്യാടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബി.ജെ.പി 2019 ലെ തിരഞ്ഞെടുപ്പ് പ്രകടനം ആവർത്തിക്കുമെന്നും ഏകദേശം 300 സീറ്റുകൾ നേടുമെന്നും പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനാണ് തെറ്റുപറ്റിയതായി പ്രശാന്ത് കിഷോർ പറഞ്ഞത്. ഇനി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. അടുത്തിടെ ബംഗാൾ തെരഞ്ഞെടുപ്പു ഫലത്തിലും പ്രശാന്ത് കിഷോറിന്റെ പ്രവചനം തെറ്റിയിരുന്നു.
കോൺഗ്രസിൻ്റെ പ്രകടനം രാഹുൽ ഗാന്ധിയുടെ പുനരുജ്ജീവനത്തിൻ്റെ സൂചനയല്ല. 99 സീറ്റുകൾ നേടുന്ന പാർട്ടി രാഹുൽ ഗാന്ധിയെ അങ്ങിനെ ഉയർത്തിക്കാണിച്ചേക്കാം. എന്നാൽ അത് കോൺഗ്രസിൻ്റെ വളർച്ചയായി കണക്കാക്കാൻ സാധിക്കില്ല- പ്രശാന്ത് കിഷോർ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പുകളിൽ രാഹുൽ എന്ന ബ്രാൻഡിന് പുനരുജ്ജീവനം ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ പുനരുജ്ജീവിച്ചത് അദ്ദേഹത്തിൻ്റെ അനുയായികളുടെയും കേഡർമാരുടെയും മുന്നിൽ മാത്രമാണ്. അവർക്കിടയിൽ, അദ്ദേഹം തന്നെയാണ് അവരെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന മനുഷ്യൻ എന്ന വലിയ ആത്മവിശ്വാസമുണ്ട്.
തോൽക്കാൻ പോകുന്ന മകൻ 60 ശതമാനം മാർക്ക് വാങ്ങിയാൽ നിങ്ങൾ സന്തോഷിക്കും. അതേസമയം 90 ശതമാനം മാർക്ക് വാങ്ങുന്ന മകൻ 70 ശതമാനം വാങ്ങിയാൽ നിങ്ങൾ നിരാശരാകും.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവേ, പാർട്ടിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മോശം തിരഞ്ഞെടുപ്പ് പ്രകടനമാണിതെന്നായിരുന്നു മറുപടി. 1977ൽ ഇന്ദിരാഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടപ്പോഴും 154 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചു. 99 സീറ്റുകൾ നേടിയത് കോൺഗ്രസിൻ്റെ വലിയ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്ന ഒന്നല്ല. അതേസമയം, കോൺഗ്രസിന് ഇനിയും അവസരമുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ എല്ലാവർക്കും സന്തോഷിക്കാൻ എന്തെങ്കിലും ഉണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തലുകൾ സംഖ്യകളുടെ അടിസ്ഥാനത്തിൽ തെറ്റായിരുന്നു. എന്നാൽ അക്കങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 20 ശതമാനം തെറ്റി. 300-നടുത്ത് ഞങ്ങൾ പ്രവചിച്ചു, ബിജെപിക്ക് 240 ആയിരുന്നു, അത് 20 ശതമാനം വ്യത്യാസമാണ്-പ്രശാന്ത് കിഷോർ പറഞ്ഞു.