കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി സി.പി.എം നേതാവ് പി.പി ദിവ്യ പോലീസിന് മുമ്പാകെ കീഴടങ്ങി. കണ്ണൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. ദിവ്യയുടെ വീടിന് സമീപത്തെ കണ്ണപുരത്ത് വച്ചാണ് കീഴടങ്ങലുണ്ടായത്.
കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റിനായി പോലീസ് നീക്കം ഊർജിതമാക്കിയിരുന്നു. കീഴടങ്ങുമ്പോൾ രണ്ടു സി.പി.എം പ്രവർത്തകരും ദിവ്യയോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും ദിവ്യയും പരസ്പര ധാരണയോടെയാണ് കീഴടങ്ങൽ ഉണ്ടായതെന്നും ഇതിന് പിന്നിൽ ഉന്നത തല ഇടപെടൽ നടന്നതായും പറയുന്നു.
എന്നാൽ കീഴടങ്ങലല്ല, പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ അവകാശപ്പെട്ടു. പ്രതിക്ക് നിയമവിരുദ്ധമായ യാതൊരു ആനുകൂല്യവും നൽകിയിട്ടില്ലെന്നും കേസിൽ പ്രോസിക്യൂഷൻ സ്വീകരിച്ച ശക്തമായ നടപടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ഇടയാക്കിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, എവിടുന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പറയാൻ പോലീസ് തയ്യാറായില്ല. പ്രതിയെ കൊണ്ടുവരട്ടെ ബാക്കി കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു പോലീസ് മറുപടി.