റോം- ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ആശുപത്രി വിട്ടു. പുറത്തുകാത്തിരുന്ന ആയിരങ്ങൾക്ക് അഭിവാദ്യം നേർന്നാണ് മാർപാപ്പ ആശുപത്രി വിട്ടത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീൽ ചെയറിൽ ഇരുന്നാണ് മാർപാപ്പ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തത്.
“എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞ ശേഷം കൈ വീശിയാണ് അദ്ദേഹം മടങ്ങിയത്. മിനിറ്റുകൾക്ക് ശേഷം, വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ആശുപത്രിയിൽനിന്ന് മടങ്ങി. കാറിന്റെ പിൻസീറ്റിലിരുന്നും അദ്ദേഹം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. വത്തിക്കാൻ സിറ്റിയിലെ കാസ സാന്താ മാർട്ടയിലേക്കാണ് മാർപാപ്പ മടങ്ങിയത്. ഫ്രാൻസിസിന് രണ്ട് മാസം കൂടി വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ സംഘത്തിന്റെ തലവൻ ശനിയാഴ്ച പറഞ്ഞു. പൂർണ്ണമായും സുഖപ്പെടാൻ “ധാരാളം സമയമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഫെബ്രുവരി 14 മുതൽ ഫ്രാൻസിസ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ജീവൻ രണ്ട് തവണ അപകടത്തിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ല.