തിരുവനന്തപുരം– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ അനുമതിയില്ലാതെ കൊടികളും ബാനറുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകൾക്ക് കുറുകെയും ഡിവൈഡറുകളിലും വ്യാപകമായി ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ ബിജെപി ജില്ലാ പ്രസിഡന്റിന് കത്ത് നൽകിയിരുന്നെങ്കിലും നടപ്പാതകളിലെ ചില ബോർഡുകൾ മാറ്റിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതേത്തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളുടെ കൃത്യമായ കണക്കെടുത്ത ശേഷമാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടീസ് അയച്ചത്. ബിജെപി ഭരിക്കുന്ന കോർപറേഷനിൽ നിന്നുതന്നെ പാർട്ടിക്ക് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. ആദ്യ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും നോട്ടീസ് നൽകുമെന്നും അതിനും മറുപടി ലഭിക്കാത്ത പക്ഷം രണ്ട് തവണ ഹിയറിങ് നടത്തി ജപ്തി നടപടികളിലേക്ക് കടക്കുമെന്നും റവന്യു വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



