കോഴിക്കോട്- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് വിശദീകരണം. എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള പാര്‍ട്ടി നിലപാട് വിശദീകരിച്ചാണ് ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചതെന്ന് സലാം പറഞ്ഞു.
വ്യക്തികളെ കേന്ദ്രീകരിച്ചു ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നതിനെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കില്ല എന്നതിന് ഉപമയായാണ് പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തില്‍ ഉദ്ദേശിച്ചതും പറഞ്ഞതും. മുസ്ലീം ലീഗിന് സാദിഖലി തങ്ങൾ എന്ന ഒരു ഇമാം മതി എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മുസ്ലിം ലീഗ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണെന്ന് സദസ്സിന് മുഴുവന്‍ അന്നേ വ്യക്തമായതാണ്.
എന്നാൽ പ്രസംഗത്തിലെ സെക്കന്‍റുകള്‍ ദൈര്‍ഘ്യമുളള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങൾക്ക് മറ്റൊരു രീതിയിൽ വ്യാഖ്യാനം വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു. മഹാരഥന്മാരായ നേതാക്കൾ നയിച്ച പാതയിൽ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ അണിനിരന്ന് പൂർവ്വാധികം ശക്തിയോടെ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാമെന്നും പി.എം.എ സലാം വ്യക്തമാക്കി.