ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 80 പേരുമായി പോയ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
76 യാത്രക്കാരും നാല് ജീവനക്കാരുമായി യുഎസിലെ മിനസോട്ട സംസ്ഥാനത്തിലെ മിനിയാപൊളിസിൽ നിന്ന് പറന്നുയർന്ന എൻഡവർ എയർ 4819 വിമാനം കാനഡയിലെ ടൊറന്റോയിൽ ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. വിമാനം തലകീഴായി മറിഞ്ഞു കിടക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം അപകടത്തിൽപ്പെട്ട ഉടൻ രക്ഷാസംഘമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു മണിക്കൂറിന് ശേഷമാണ് പിന്നീട് വിമാനതാവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.