- ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി കുമ്പിട്ടത് ആരാണ്? ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്നു പറഞ്ഞ കോൺഗ്രസ് നേതാവിനെ മറന്നുപോയോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ ആർ.എസ്.എസ് നേതാക്കളുമായുള്ള സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച വിവാദത്തിൽ ഒരക്ഷരം മിണ്ടാതെ പാർട്ടിയുടെ ആർ.എസ്.എസ് വിരുദ്ധ പോരാട്ട ചരിത്രം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ആർ.എസ്.എസ് കേന്ദ്രങ്ങളുമായി പാർട്ടി സന്ധി ചെയ്തിട്ടില്ലെന്നും ഒരുപാട് നഷ്ടങ്ങളാണുണ്ടായതെന്നും തലശ്ശേരി കലാപം അടക്കമുള്ളവ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. സി.പി.എം-ആർ.എസ്.എസ് ബന്ധമാരോപിച്ച് എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആർ.എസ്.എസ് ശാഖയ്ക്ക് ഞാൻ കാവൽ നിന്നുവെന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാരെന്ന് മറന്നുപോയോ? വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നില്ക്കുന്ന ആർ.എസ്.എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാൽ ഇത് കോൺഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂർവ്വം അത് മറക്കുന്നതെന്നും കെ സുധാകരന്റെ പേര് പറയാതെ പിണറായി ചോദിച്ചു. ആർ.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനൽകി എന്നല്ലേ കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്.
ആർക്കാണപ്പോൾ ആർ.എസ്.എസ് ബന്ധം. തലശ്ശേരി കലാപ കാലത്ത് കമ്മ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാരുകാരെ നേരിടാൻ, അവരിൽനിന്ന് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നു ആ കാവൽ. തലശ്ശേരി കലാപത്തിൽ പലതും പലർക്കും നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ടു, ആഭരണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു, പക്ഷേ, ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്ക് മാത്രമായിരുന്നു, സഖാവ് യു.കെ കുഞ്ഞിരാമന്റെ ജീവൻ.
ആർ.എസ്.എസിന്റെ തലതൊട്ടപ്പൻ ഗുരുജി ഗോൾവാൾക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആർ.എസ്.എസ് ഒരു പരിപാടി നടത്തുന്നു. പരിപാടിയിൽ ഗോൾവാൾക്കറിന്റെ ചിത്രമുണ്ട്. മുമ്പിൽ വിളക്കുണ്ട്. അത് കൊളുത്തി ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങൾ ആരുടേതെങ്കിലുമാണോ? ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ആരുടെ ഭരണകാലത്താണെന്നും പിണറായി ചോദിച്ചു.
സി.പി.എമ്മിന് കെട്ട ചരിത്രമില്ലെന്നും ആർ.എസ്.എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയയെയും റാം മാധവിനെയും സന്ദർശിച്ച് ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ ഭരണകക്ഷിയിൽനിന്നും വിമർശങ്ങൾ ഉയരുന്നതിനിടെയാണ് മർമപ്രധാനമായി ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പാർട്ടിയുടെ പ്രഖ്യാപിത നയം ആവർത്തിച്ച് വിവാദ പോയിന്റിനെ ബോധപൂർവം അവഗണിച്ച് പാർട്ടിക്കും സർക്കാറിനും സംരക്ഷണ കവചം തീർത്തത്.