കൊല്ലം- കോവിഡിന്റെയും പ്രളയത്തിന്റെയും കാലത്തെല്ലാം കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെയും പ്രളയത്തിന്റെയും കാലത്ത് കരഞ്ഞിരിക്കാനല്ല കേരളം ശ്രമിച്ചത്. നാട് ഒന്നിച്ച് നിന്നാണ് പുരോഗതി കൈവരിച്ചത്. ഈ ഘട്ടത്തിൽനിന്ന് ഇനിയും മുന്നോട്ടു പോകണം. അതിന് വിഭവസമാഹരണം ആവശ്യമാണ്. എന്നാൽ എന്തോ ചെയ്യാൻ പറ്റാത്തത് ചെയ്യുന്നുവെന്ന് ചിലർ ആരോപിച്ച് ബഹളമുണ്ടാക്കുകയാണ്.
നേരത്തെ പറഞ്ഞിരുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു സഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്. നേരത്തെ ഇത് പറയുമ്പോൾ അതിന് അനുസൃതമായ ഭൗതിക സഹചര്യം കേരളത്തിനുണ്ടായിരുന്നില്ല. ഇപ്പോൾ കേരള ഒട്ടാകെ മാറിയെന്ന് കേന്ദ്രം വരെ പറയുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാകാത്ത നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.

നിക്ഷേപ സൗഹൃദസംസ്ഥാനങ്ങളുടെ കാര്യത്തിൽ കേരളം നമ്പർ വൺ സംസ്ഥാനമായി. അതിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ വിവിധ കമ്പനികളും നിക്ഷേപങ്ങളും എത്തുന്നു. ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ വരുന്നത്. ഇത് നമ്മുടെ നാടിന്റെ മാറ്റമാണ് കാണിക്കുന്നത്. വലിയ രീതിയിലുള്ള നിക്ഷേപം വന്നാൽ കേരളം ഒട്ടാകെ മാറും. ഇത് കേരളത്തിന്റെ വികസനത്തിന് നല്ല സംഭാവന നൽകും. നാട്ടിലെ തൊഴിൽ സാധ്യതകളുടെ ഭാഗമായി നമ്മുടെ നാട്ടിലെ യുവാക്കളിലും വിദ്യാർത്ഥികളിലും നൈപുണ്യശേഷി വർധിക്കും. വ്യത്യസ്ത നൈപ്യുണമായിരിക്കും ആവശ്യമായി വരിക. അതിന് ആവശ്യമായ സംവിധാനം ഒരുക്കും. പഠിച്ചു തീരുമ്പോൾ തന്നെ തൊഴിലിലേക്ക് കയറുന്ന യുവാക്കളുണ്ടാകുക എന്ന മാറ്റമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുരോഗതിക്ക് നിദാനമായത് പ്രവാസികളാണ്. അവർ അയക്കുന്ന പണം അവരുടെ കുടുംബത്തിന് മാത്രമല്ല, നാടിനാകെയാണ് ഉപകാരപ്പെട്ടത്. അവർ കേരളത്തിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നുണ്ട്. നാട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന വലിയ വിഭവശേഷി എങ്ങിനെ നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാം എന്നാണ് കേരളം ആലോചിക്കുന്നത്. കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കും. അതിന് വിഭവശേഷി വേണം. ഇതിനെ കേന്ദ്രം തടയിടുമ്പോൾ സംസ്ഥാനത്തിന്റെ കൂടെ നിൽക്കുകയാണ് എല്ലാവരും വേണ്ടത്. തകർന്നു കൊടുക്കാൻ കേരളത്തിന് മനസില്ല എന്ന് നാം തെളിയിക്കണം. നമുക്ക് ഇനിയും വളരണം. ഇനിയും മുന്നോട്ടു പോകണം. കേരളം കേരളത്തിന്റെ കരുത്ത് കാണിക്കുക തന്നെ ചെയ്യും.