മദീന – പ്രവാചക നഗരിയില്‍ മസ്ജിദുന്നബവിക്കു സമീപമുള്ള പ്രദേശങ്ങളില്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്താനുള്ള പദ്ധതിയില്‍ തീര്‍ഥാടകരുടെയും മദീന സന്ദര്‍ശകരുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തി മദീന നഗരസഭ.
തീര്‍ഥാടകരുടെ പങ്കാളിത്തത്തോടെ 300 ലേറെ പൂച്ചെടി തൈകളാണ് നട്ടത്. പ്രധാന പാരിസ്ഥിത പങ്ക് വഹിക്കുന്ന, പ്രദേശത്തിന്റെ പാരിസ്ഥിതിക, കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ, ഉയര്‍ന്ന താപനില താങ്ങാന്‍ കഴിയുന്ന ചെടികളാണ് നട്ടത്. മരങ്ങള്‍ക്കിടയിലെ ഇടങ്ങള്‍ മറക്കാന്‍ ഉപയോഗിക്കുന്ന ചെടികളായി കണക്കാക്കപ്പെടുന്ന ഇവ സൗന്ദര്യാത്മക കാഴ്ചയും സമ്മാനിക്കും.
സമൂഹത്തില്‍ പാരിസ്ഥിതിക അവബോധം വര്‍ധിപ്പിക്കാനും നല്ല ശീലങ്ങളും പെരുമാറ്റങ്ങളും പ്രോത്സാഹിപ്പിക്കാനുമാണ് ചെടിനടീല്‍ പദ്ധതിയില്‍ തീര്‍ഥാടകരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തിയതെന്ന് മദീന നഗരസഭ പറഞ്ഞു. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന ചട്ടക്കൂടില്‍ പരിസ്ഥിതി സംരക്ഷണവും പരിചരണവും പ്രോത്സാഹിപ്പിക്കുകയും സാമൂഹിക ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയും ചെയ്യും.
മദീനയില്‍ സസ്യആവരണവും പാരിസ്ഥിതിക സുസ്ഥിരതയും വര്‍ധിപ്പിക്കാനും നഗരവാസികള്‍ക്കും സന്ദര്‍ശികര്‍ക്കും വേണ്ടി പാര്‍ക്കുകളും ചത്വരങ്ങളും തയാറാക്കാനും ഹരിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കാനും എക്കാലവും പരിശ്രമിക്കുന്നതായും മദീന നഗരസഭ പറഞ്ഞു.