ജിദ്ദ – യാത്രക്കാര്‍ക്ക് അതുല്യവും അവിസ്മരണീയവുമായ അനുഭവം സമ്മാനിക്കാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് മേഖലയില്‍ സ്വന്തം കമ്പനിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. അല്‍വാഹ ഡ്യൂട്ടി ഫ്രീ എന്ന പേരിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. സൗദി ഉടമസ്ഥതയിലുള്ള ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഓപ്പറേറ്ററാണ് അല്‍വാഹ കമ്പനി. യാത്രാ റീട്ടെയില്‍ മേഖലയില്‍ സൗദിയിലെ മുന്‍നിര കമ്പനിയായി അല്‍വാഹ മാറും. യാത്രക്കാരുടെ ധനവിനിയോഗത്തിന്റെ വലിയൊരു ഭാഗം സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവിടാന്‍ കമ്പനി സഹായിക്കും. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അല്‍വാഹ കമ്പനി രാജ്യത്തുടനീളം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആഡംബര റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വികസിപ്പിക്കും.
ഉയര്‍ന്ന നിലവാരമുള്ള സൗദി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ കമ്പനി ഇവിടെ ഒരുക്കും. ഡ്യൂട്ടി ഫ്രീ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ കമ്പനി ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും. ഭാവിയില്‍ കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും വിമാന സര്‍വീസുകളിലും കൂടുതല്‍ റീട്ടെയില്‍ വില്‍പന അവസരങ്ങള്‍ കമ്പനി ലഭ്യമാക്കും.
ട്രാവല്‍ റീട്ടെയില്‍ മേഖലാ വളര്‍ച്ച വര്‍ധിപ്പിക്കാനും പ്രാദേശിക ടൂറിസം മേഖലയില്‍ അതിന്റെ അഭിലാഷങ്ങളെ പിന്തുണക്കാനും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ലക്ഷ്യമിടുന്നതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉപഭോക്തൃ ഉല്‍പന്ന, റീട്ടെയില്‍ മേഖലാ മേധാവി മാജിദ് അല്‍അസ്സാഫ് പറഞ്ഞു.
ട്രാവല്‍ റീട്ടെയില്‍ മേഖലയിലെ മുന്‍നിര ദേശീയ കമ്പനിയായാണ് അല്‍വാഹ ആരംഭിക്കുന്നത്. ഉല്‍പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക, ഡ്യൂട്ടി ഫ്രീ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാക്കുക, നൂതന ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം വികസിപ്പിക്കുക എന്നിവയിലൂടെ എയര്‍പോര്‍ട്ടുകളിലൂടെയും തുറമുഖങ്ങളിലൂടെയും കരാതിര്‍ത്തി പോസ്റ്റുകളിലൂടെയും കടന്നുപോകുന്ന യാത്രക്കാര്‍ക്ക് അല്‍വാഹ സവിശേഷ അനുഭവം നല്‍കും.
ഭാവിയില്‍ യാത്രാ റീട്ടെയില്‍ ധനവിനിയോഗത്തില്‍ സൗദി അറേബ്യയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ വലിയ അവസരങ്ങളുണ്ട്. സൗദിയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയും രാജ്യത്ത് സംഘടിപ്പിക്കുന്ന ആഗോള പരിപാടികളും യാത്രാ റീട്ടെയില്‍ മേഖലയില്‍ സുസ്ഥിര വരുമാനം സൃഷ്ടിക്കാനുള്ള പുതിയ അവസരങ്ങള്‍ നല്‍കുന്നതായി മാജിദ് അല്‍അസ്സാഫ് പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പ്രവര്‍ത്തിക്കുന്നു. 2022 ല്‍ നിര്‍മാണം ആരംഭിച്ച റിയാദ് കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം അടക്കം ടൂറിസം, വ്യോമയാനം, റീട്ടെയില്‍ മേഖലകളില്‍ ഫണ്ട് നടത്തിയ പ്രധാന നിക്ഷേപങ്ങളുടെ പരമ്പരയുടെ ഭാഗമായാണ് പുതിയ കമ്പനി ആരംഭിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കും റിയാദ് കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. പ്രതിവര്‍ഷം 12 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളത്തില്‍ നിരവധി റീട്ടെയില്‍ സ്റ്റോറുകളും റെസ്റ്റോറന്റുകളും അടങ്ങിയിരിക്കും.
റിയാദിനെ യാത്രക്കുള്ള ആഗോള കവാടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആരംഭിച്ചു. ഗ്രാന്റ് പ്രോജക്ട്‌സ് ഗ്രൂപ്പ്, ചെങ്കടല്‍ തീരത്തെ പ്രധാന ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ ആസ്ഥാനമായുള്ള ക്രൂയിസ് സൗദി, സൗദി കോഫി കമ്പനി, ഉയര്‍ന്ന നിലവാരമുള്ള ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തുറാസ് അല്‍മദീന, ഒട്ടക പാല്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദന, വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സവാനി കമ്പനി എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങളും ഫണ്ടിന്റെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.