ന്യൂദൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കുന്ന ‘സാർവത്രിക പെൻഷൻ പദ്ധതി’ക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നതായി റിപ്പോർട്ട്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും പെൻഷൻ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതേസമയം, ഇതിന് കേന്ദ്ര സർക്കാർ വിഹിതം നൽകില്ല. ആർക്കും വേണമെങ്കിലും സ്വമേധായ പദ്ധതിയിൽ ചേരാം.
നിലവിൽ, നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങിയ അസംഘടിത മേഖലയിലുള്ളവർക്ക് സർക്കാറിന്റെ നേതൃത്വത്തിലുള്ള സമ്പാദ്യ പദ്ധതിയുടെ ഗുണം ലഭിക്കാറില്ല. നിർദ്ദിഷ്ട പെൻഷൻ പദ്ധതി പ്രകാരം ഏതു മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇതിൽ ചേരാം.
അതേസമയം, പുതിയ പെൻഷൻ പദ്ധതിയിൽ സർക്കാറിന്റെ വിഹിതം ഉണ്ടായിരിക്കില്ല. ആർക്കു വേണമെങ്കിലും സ്വമേധയാ ചേരാം എന്നാണ് പുറത്തുവരുന്ന സൂചന. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും സന്നദ്ധ പെൻഷൻ പദ്ധതിയാണെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.