പാരീസ്- കഴിഞ്ഞ ദിവസം അറസ്റ്റിലായ ടെലിഗ്രാം ആപ്ലിക്കേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പവൽ ദുറേവിനെ പാരീസ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് പവൽ ദുറേവിനെ ഫ്രാൻസ് പോലീസ് പാരീസ് വിമാനതാവളത്തിൽ വെച്ച് പിടികൂടിയത്. സ്വകാര്യ വിമാനം ലെ ബർഗെറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷമാണ് ദുറോവിനെ കസ്റ്റഡിയിലെടുത്തതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെസേജിംഗ് ആപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാങ്കോ-റഷ്യൻ ശതകോടീശ്വരനാണ് 39-കാരനായ പവൽ ദുറേവ്. അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഫ്രാൻസ് തയ്യാറായിട്ടില്ലെന്ന് റഷ്യ ആരോപിച്ചു.
അസർബൈജാനിലെ ബാക്കുവിൽ നിന്നാണ് ദുറോവ് എത്തിയതെന്ന് കേസുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണി, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്കെതിരായ അക്രമം തടയാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഫ്രാൻസിലെ ഒ.എഫ്.എം.ഐ.എൻ (OFMIN) പവൽ ദുറോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഒരു വൃത്തങ്ങൾ അറിയിച്ചു. ടെലിഗ്രാം ആപ്പിൽ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരായ ആരോപണം. ഫ്രാൻസിൽ തനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞു തന്നെയാണ് പവൽ ദുറോവ് ഫ്രാൻസിലേക്ക് പറന്നത്.
അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയെങ്കിലും ഫ്രാൻസ് പ്രതികരിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. തടങ്കലിൻ്റെ കാരണങ്ങൾ വിശദീകരിക്കാൻ ഫ്രഞ്ച് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോൺസുലാർ പ്രവേശനം അനുവദിക്കണമെന്നും ഫ്രാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ, ഫ്രഞ്ച് പക്ഷം സഹകരിക്കാൻ വിസമ്മതിക്കുകയാണെന്ന് പാരീസിലെ റഷ്യൻ എംബസി പറഞ്ഞു. വാർത്താ ഏജൻസിയായ റിയ നോവോസ്റ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റഷ്യയിൽ ജനിച്ച ദുബായിലാണ് പവൽ ദുറോവ് താമസിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും റഷ്യയുടെയും ഇരട്ട പൗരത്വമുണ്ട്. റഷ്യ, ഉക്രൈൻ, മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ടെലിഗ്രാം ആപ്പ് ജനപ്രിയമാണ്. ഉപയോക്തൃ ഡാറ്റ കൈമാറാൻ ദുറോവ് വിസമ്മതിച്ചതിനെത്തുടർന്ന് 2018-ൽ റഷ്യയിൽ ആപ്പ് നിരോധിച്ചിരുന്നു. എന്നാൽ 2021ൽ നിരോധനം പിൻവലിച്ചു. ഫെയ്സ്ബുക്ക്, യു റ്റ്യൂബ്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്, വി ചാറ്റ് എന്നിവ കഴിഞ്ഞാൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ടെലിഗ്രാം.