പാരിസ്: പാരിസ് ഒളിംപിക്‌സിനായുള്ള ഇന്ത്യയുടെ അങ്കം 25ന് ആരംഭിക്കും. അമ്പെയ്ത്ത്, അത്‌ലറ്റിക്സ്, ബാഡ്മിന്റണ്‍, ബോക്സിംഗ്, ഇക്വിസ്റ്റിൻ, ഗോള്‍ഫ്, ഹോക്കി, ജൂഡോ, റോവിങ്, സെയ്‌ലിങ്, ഷൂട്ടിങ്, സ്വിമ്മിങ്, ടേബിള്‍ ടെന്നിസ്, ടെന്നിസ് എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യ ഇറങ്ങുന്നത്. 16 വിഭാഗങ്ങളിലായി 117 അത്‌ലറ്റുകളാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. നീരജ് ചോപ്രയാണ് ഇന്ത്യന്‍ അത്‌ലറ്റുകളെ പ്രതിനിധീകരിക്കുന്നത്. 21 അംഗ ഷൂട്ടിങ് താരങ്ങളും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇന്ത്യ ഷൂട്ടിങിനായി ഇത്തവണ അയച്ചിരിക്കുന്നത്.
25ന് അമ്പെയ്ത്തുകാരിലൂടെയാണ് ഇന്ത്യ പാരിസ് ഒളിംപിക്‌സിലേക്ക് ഔദ്ദ്യോഗികമായി പ്രവേശിക്കുക. ആദ്യ ദിനം ദീപികാ കുമാരിയും തരുണ്‍ദീപ് റായിയയുമാണ് വ്യക്തിഗതാ ഇനത്തില്‍ മല്‍സരിക്കുന്നത്. മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യ 27നിറങ്ങും. നിലവിലെ ജാവ്‌ലിന്‍ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര ഓഗസ്റ്റിലാണ് മല്‍സരത്തിനായി ഇറങ്ങുക. ബാഡ്മിന്റണ്‍ മല്‍സരങ്ങളും 27നാണ് ആരംഭിക്കുക. രണ്ട് തവണ മെഡല്‍ നേടിയ പി വി സിന്ധു ഇത്തവണ ഹാട്രിക്ക് നേട്ടത്തിനായാണ് ഇറങ്ങുക.
ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് വെയ്റ്റ്‌ലിഫ്റ്റര്‍ മിരാബായ് ചാനു ഓഗസ്റ്റ് ഏഴിനാണ് ഇറങ്ങുക. 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനു ഇറങ്ങുക. ബോക്‌സിങിലെ പ്രതീക്ഷയായ ലോവ്‌ലിനാ ബൊര്‍ഗൊഹെയിന്‍ 27ന് ഇറങ്ങും. ടോക്കിയോവിലെ വെങ്കലമെഡല്‍ ജേതാവാണ് ലോവ്‌ലിന. രണ്ട് തവണ ലോക ചാംപ്യനായ നിക്കാത്ത് സെറീനും ബോക്‌സിങില്‍ മെഡല്‍ പ്രതീക്ഷയായി ഇറങ്ങുന്നുണ്ട്. ഓഗസ്റ്റ് 11നാണ് ഗെയിംസ് സമാപിക്കുക. ടോക്കിയോയില്‍ ഇന്ത്യ ഏഴ് മെഡലുകളാണ് നേടിയത്. ഇത് ഇരട്ടിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.