ബെയ്ജിംഗ് – ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ മൂന്നു ദിവസമായി നടന്നുവന്ന, ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലെ ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനം. ചേരിതിരിവ് അവസാനിപ്പിക്കാനും ദേശീയൈക്യം സ്ഥാപിക്കാനും ആവശ്യപ്പെടുന്ന സംയുക്ത കരാറില്‍ ഹമാസും ഫതഹും അടക്കമുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ഒപ്പുവെച്ചു. പതിനാലു ഫലസ്തീന്‍ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് കരാറില്‍ ഒപ്പുവെച്ചത്. ചൈനീസ് വിദേശ മന്ത്രി വാംഗ് യി മുന്‍കൈയെടുത്താണ് ഫലസ്തീന്‍ ഗ്രൂപ്പുകളുടെ അനുരഞ്ജന ചര്‍ച്ച സംഘടിപ്പിച്ചത്.
യുദ്ധാനന്തരം ഗാസയുടെ ഭരണത്തിന് ഇടക്കാല ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തിലുള്ള ധാരണയാണ് ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ചൈനീസ് വിദേശ മന്ത്രി പറഞ്ഞു. അനുരഞ്ജനം ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ ഇത് കൈവരിക്കാന്‍ കഴിയില്ല. മധ്യപൗരസ്ത്യദേശത്ത് സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ ചൈന ആഗ്രഹിക്കുന്നതായും വാംഗ് യി പറഞ്ഞു.
വംശഹത്യ യുദ്ധത്തെയും ഇസ്രായിലി ആക്രമണത്തെയും നേരിടാന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചട്ടക്കൂടിനുള്ളില്‍ ഫലസ്തീന്‍ നിലപാട് ഏകീകരിക്കാനും ഐക്യത്തിനും ദേശീയ സ്വാതന്ത്ര്യത്തിനുമുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്ന നിലക്ക് ചേരിതിരിവ് അവസാനിപ്പിക്കാനുമാണ് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയത്. ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശവും ഫലസ്തീന്‍ പ്രദേശങ്ങളിലെ ജൂതകുടിയേറ്റ കോളനികളും നിയമ വിരുദ്ധമാണെന്നും ജൂതകുടിയേറ്റ കോളനികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ ചൈനയുടെ ക്ഷണം സ്വീകരിച്ച് നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ഫലസ്തീന്‍ ഗ്രൂപ്പ് പ്രതിനിധികള്‍ സ്വാഗതം ചെയ്തു.
യു.എന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍, ഫലസ്തീന്‍ ജനതയെ സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങള്‍ നിരാകരിക്കല്‍, യു.എന്‍ ജനറല്‍ അസംബ്ലിയുടെയും രക്ഷാ സമിതിയുടെയും പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര കോടതി വിധിക്കും അനുസൃതമായി ജൂതകുടിയേറ്റ കോളനികളുടെയും സെറ്റില്‍മെന്റ് വിപുലീകരണത്തിന്റെയും നിയമ വിരുദ്ധതക്ക് ഊന്നല്‍ നല്‍കല്‍ എന്നിവക്കുള്ള പ്രതിബദ്ധത ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്കിലും ഗാസയിലും ഫലസ്തീനികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനും വ്യവസ്ഥകളും നിയന്ത്രണങ്ങളും കൂടാതെ മെഡിക്കല്‍, മാനുഷിക സഹായങ്ങള്‍ എത്തിക്കാനും ഫലസ്തീന്‍ ഗ്രൂപ്പുകള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയമായും നിയമപരമായും നയതന്ത്രപരമായും ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണക്കുന്ന എല്ലാ രാജ്യങ്ങളുടെയും ശക്തികളുടെയും വിദ്യാര്‍ഥി, ജനകീയ, ട്രേഡ് യൂനിയന്‍, ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളുടെയും പങ്കിനെ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ പ്രശംസിച്ചു.
ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ തീരുമാനങ്ങള്‍ നടപ്പാക്കാനും വിശാലമായ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളിത്തത്തോടെ പൂര്‍ണ അധികാരത്തോടെയുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം വിളിക്കാന്‍ അറബ് രാജ്യങ്ങളും ചൈനയും റഷ്യയും നടത്തുന്ന ശ്രമങ്ങള്‍ തുടരാന്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും സംവാദത്തില്‍ പങ്കെടുത്ത ഫലസ്തീന്‍ ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു. 2007 മുതല്‍ തുടരുന്ന ചേരിതിരിവ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജൂലൈ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ബെയ്ജിംഗില്‍ ചര്‍ച്ചകള്‍ നടത്തിയത്.