പാലക്കാട്- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള രാഹുൽ മാങ്കൂട്ടത്തലിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് പി. സരിൻ. പാലക്കാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ തെറ്റു തിരുത്തൽ അനിവാര്യമാണെന്നും അതുകൊണ്ടാണ് എതിരഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും സരിൻ വ്യക്തമാക്കി. തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാകും. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ രീതികൾ പാർട്ടി മറന്നുപോകുകയാണ്. ഇത് ഭീകരമായ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിക്കും. പാലക്കാട്ടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതിനെ വിയോജിപ്പ് പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നു.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ തോൽക്കുന്നത് രാഹുൽ ഗാന്ധിയാകുമെന്നും സരിൻ പറഞ്ഞു. പാലക്കാട്ട് ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അരലക്ഷത്തോളം വോട്ടാണ് ലഭിച്ചത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയും തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചത്.
പാർട്ടി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിൻ പറഞ്ഞു. ഞാൻ സ്ഥാനാർത്ഥിയാകാത്തത് കൊണ്ടാണ് പ്രതിഷേധിക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. നിലവിലെ സഹചര്യം ജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് സാധിക്കണമെന്നും സരിൻ പറഞ്ഞു. താൻ ഒരിക്കലും കോൺഗ്രസ് വിടാൻ തീരുമാനിച്ചിട്ടില്ല. പാലക്കാട്ടെ കോൺഗ്രസിന് നിലനിൽപ്പ് വേണമെങ്കിൽ വിജയത്തുടർച്ച വേണം. മുൻകൂട്ടി തീരുമാനിച്ച ഒരു സ്ഥാനാർത്ഥിയെ പാലക്കാട്ട് അവതരിപ്പിച്ചു എന്നാണ് തന്റെ ആക്ഷേപം. ഹിന്ദുത്വ അനുകമ്പയുടെ പേരിലാണ് പാലക്കാട്ട് ബി.ജെ.പിക്ക് വോട്ടുവീഴുന്നത്. അത് വിജയിച്ചാൽ പിന്നീട് അത് ബി.ജെ.പിയുടെ വിജയം ആകും. ഷാഫി പറമ്പിലിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത്.
രാഹുലിനെ അവതരിപ്പിക്കുന്നത് കൊണ്ട് പാർട്ടിക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളാണ് തന്റെ പരിഗണന. നടപടി പേടിച്ച് പാർട്ടിയിൽ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും സരിൻ പറഞ്ഞു. കുറെ പ്രവർത്തകരുടെ വികാരമാണ് കോൺഗ്രസ്. അത് എത്രകാലമുണ്ടാകും എന്ന് പറയാനാകില്ല. ആ വികാരത്തെ ശരിയായി ഉപയോഗിച്ചാൽ കേരളത്തിൽ പാർട്ടിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല. എന്ത് അടിച്ചേൽപ്പിച്ചാലും സ്വീകരിക്കും എന്ന ധാരണ ശരിയല്ല. എന്റെ തുറന്നുപറച്ചിൽ കൊണ്ട് പാലക്കാട്ട് ബി.ജെ.പി ജയിക്കില്ലെന്നും സരിൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുന്നത് അല്ല വിഷയമെന്നും അവതരിപ്പിച്ച രീതിയിലാണ് പ്രതിഷേധം. പാർട്ടിക്കുള്ളിലെ തിരുത്തലിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും സരിൻ പറഞ്ഞു.