ദമാം – ദമാം നഗരത്തിലെ മെയിന്‍ റോഡിലൂടെ അമിത വേഗത്തില്‍ മത്സരയോട്ടം നടത്തുകയും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും അശ്രദ്ധമായും ലോറികള്‍ ഓടിക്കുകയും ചെയ്ത രണ്ടു പാക്കിസ്ഥാനി ഡ്രൈവര്‍മാരെ കിഴക്കന്‍ പ്രവിശ്യ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
റോഡിലെ മറ്റു യാത്രക്കാരുടെ ജീവന് അപകടത്തിലാക്കും വിധം ട്രെയിലറും ടിപ്പര്‍ ലോറിയും ഉപയോഗിച്ച് മത്സരയോട്ടം നടത്തുന്നതിന്റെയും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും അശ്രദ്ധമായും ലോറികള്‍ ഓടിക്കുന്നതിന്റെയും ലോറികള്‍ കൂട്ടിയിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ അറസ്റ്റ് ചെയ്തത്. ഗതാഗത നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ഇരുവരെയും പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ ട്രാഫിക് പോലീസ് അറിയിച്ചു.