കോഴിക്കോട്- ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ രൂപീകരിച്ച വ്യായാമ കൂട്ടായ്മയാണ് മെക് 7 എന്നും അതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. നേരത്തെ നടത്തിയ പ്രസ്താവന മയപ്പെടുത്തിയാണ് മോഹനൻ മാസ്റ്റർ പുതിയ വിശദീകരണം നൽകിയത്. പൊതുകൂട്ടായ്മയായ മെക് 7 പോലെയുള്ള വേദികളിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, ആർ.എസ്.എസ് എന്നീ സംഘടനകൾ നുഴഞ്ഞു കയറുന്നതിനെതിരെ ജാഗ്രത പുലർത്തണം എന്നാണ് ഉദ്ദേശിച്ചത് എന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.
ചില സ്ഥലങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന തോന്നൽ പൊതുസമൂഹത്തിനുണ്ട്. അതിന് എതിരെയാണ് ജാഗ്രത പുലർത്തണം എന്നാവശ്യപ്പെട്ട്. മതനിരപേക്ഷ മനസുള്ള മതവിശ്വാസികൾ ഒത്തു ചേരുന്ന സ്ഥലങ്ങളിൽ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാനുള്ള നീക്കം വർഗീയ വാദികൾ നടത്താറുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണം.
കാന്തപുരം വിഭാഗം മെക് 7 -നെ എതിർത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സി.പി.എം എല്ലാ വർഗീയതയെയും ശക്തമായി എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. മെക് 7 നേരത്തെ ഒരു സൈനികൻ തുടങ്ങിയതാണ്. ജീവതശൈലി രോഗങ്ങൾക്കെതിരായ കരുതൽ എന്ന നിലയിൽ ഇത് നല്ലതാണ്. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതുമാണെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.