തൃശൂർ- മലയാളം എക്കാലവും ഓർമ്മിക്കുന്ന നൂറു കണക്കിന് പാട്ടുകൾ സമ്മാനിച്ച ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ ജയചന്ദ്രൻ മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകനാണ്. ജയചന്ദ്രൻ ആലപിച്ച നിരവധി പ്രണയഗാനങ്ങൾ ലോകം ഏറ്റെടുത്തു. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു.
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽനിന്നാണ് ബിരുദം നേടിയത്. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. 1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ “അനുരാഗ ഗാനം പോലെ” എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് “നിൻമണിയറയിലെ” (സി. ഐ. ഡി. നസീർ, 1971), “മലയാള ഭാഷതൻ മാദക ഭംഗി” (പ്രേതങ്ങളുടെ താഴ്‍വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച “നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്.
എം.എസ്.വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.[3] എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ “രാഗം ശ്രീരാഗം” എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ “ശിവശങ്കര സർവ്വ ശരണ്യ വിഭോ” എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ “പ്രായം നമ്മിൽ” എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ ആർ.കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള “വെള്ളിത്തേൻ കിണ്ണം പോൽ” എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.
ജയചന്ദ്രൻ സംഗീതസംവിധായകൻ ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവർത്തിക്കുകയും “‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…”, “കാത്തിരുന്തു കാത്തിരുന്തു” (1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ),[4] “മയങ്കിനേൻ സൊല്ല തയങ്കിനേൻ” (1985 ൽ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), “വാഴ്കയേ വേഷം” (1979 ൽ പുറത്തിറങ്ങിയ “ആറിലിരുന്തു അറുപതു വരൈ” എന്ന ചിത്രത്തിലെ), “പൂവാ എടുത്തു ഒരു” (1986 ൽ പുറത്തിറങ്ങിയ അമ്മൻ കോവിൽ കിഴക്കാലെ), “താലാട്ടുതേ വാനം” (1981 ൽ പുറത്തിറങ്ങിയ കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴ് ഭാഷയിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തു. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.
2001 ൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിച്ചു. ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാണ്. 2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ. സി ഡാനിയേൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. ലളിതയാണ് ഭാര്യ. മക്കൾ- ലക്ഷ്മി, ദിനനാഥ്.