തിരുവനന്തപുരം: ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്ന് കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. രണ്ടു തവണ എം.എല്‍.എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള നേതാവാണ് കേളു. യു.ഡി.എഫ് സർക്കാരിൽ പി.കെ ജയലക്ഷ്മി മന്ത്രിയായ ശേഷം പട്ടിക വർഗ വിഭാഗത്തിൽ നിന്നും മന്ത്രിയാകുന്ന നേതാവാണ് കേളു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍, ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പി.പി സുമോദ്, കോങ്ങാട് എം.എല്‍.എ ശാന്തകുമാരി തുടങ്ങിയവരെയും പരിഗണിച്ചിരുന്നു.
അതേസമയം കെ രാധാകൃഷ്ണൻ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പുകളാകും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നൽകും.