ന്യൂദൽഹി: കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാട്ടിയ “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന പതിനഞ്ച് പ്രതിപക്ഷ പാർട്ടികൾ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൻ്റെ ഭാഗമായുള്ള നിർദ്ദേശം അംഗീകരിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രായോഗികമല്ലെന്ന് കോൺഗ്രസ് പറഞ്ഞു. ഇത് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു. “ഇത് വിജയിക്കില്ല… ജനം അംഗീകരിക്കില്ല,” ഹരിയാനയിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കവേ ഖാർഗെ പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ ഞങ്ങൾ എതിർക്കുന്നുവെന്ന് രാഷ്ട്രീയ ജനതാദളിൻ്റെ മനോജ് ഝാ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനയിൽ 80 ശതമാനം പേർ ഇതിനെ പിന്തുണച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു. ആരാണ് ആ 80 ശതമാനം ആളുകളെന്ന് ഞങ്ങൾക്ക് അറിയണം. ആരെങ്കിലും ഞങ്ങളോട് എന്തെങ്കിലും ചോദിച്ചോ ഞങ്ങളോട് സംസാരിച്ചോ?” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേസമയം ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകൾ നിർദ്ദേശിക്കുന്ന പദ്ധതിക്ക് എൻ.ഡി.എയുടെയും സുപ്രീം കോടതിയിലെ നിരവധി ജഡ്ജിമാരുടെയും പിന്തുണയുണ്ട്. അതനുസരിച്ച്, പൊതു, സംസ്ഥാന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ നഗര, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തണം എന്നാണ് കരടു രേഖയിലുള്ളത്.
എന്നാൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ഇത് നടപ്പാക്കാൻ പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇത് പ്രാബല്യത്തിൽ കൊണ്ടുവരാൻ കുറഞ്ഞത് ആറ് ഭേദഗതികളെങ്കിലും വേണ്ടിവരും. ഇതിനുശേഷം, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്.
പാർലമെൻ്റിൻ്റെ ഇരുസഭകളിലും എൻഡിഎയ്ക്ക് കേവലഭൂരിപക്ഷമുണ്ടെങ്കിലും ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് വെല്ലുവിളിയാണ്. രാജ്യസഭയിലെ 245 സീറ്റുകളിൽ എൻഡിഎയ്ക്ക് 112ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം സീറ്റുകളുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർക്കാരിന് 164 വോട്ടെങ്കിലും വേണം.
ലോക്‌സഭയിൽ പോലും 545ൽ 292 സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ 364 വോട്ടു വേണം. നിലവിലെ സഹചര്യത്തിൽ അതില്ല.