ന്യൂഡൽഹി: ഭരണഘടന ഉയർത്തിപ്പിടിച്ചും ഭാരത് ജോഡോയിലെ മുദ്രാവാക്യങ്ങൾ ഉറക്കെച്ചൊല്ലിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വയനാട്, റായ്ബറേലി എന്നീ രണ്ട് സീറ്റുകളിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വയനാട് മണ്ഡലത്തിൽനിന്ന് ഒഴിഞ്ഞു.
സത്യപ്രതിജ്ഞയിലെ വാചകം ചൊല്ലിയ ശേഷം ഭരണഘടന ഉയർത്തിപ്പിടിച്ച രാഹുല് ഗാന്ധി, ഭാരത് ജോഡോ യാത്രയിലെ മുദ്രാവാക്യമായ ജയ് സംവിധാൻ എന്ന് കൂടി വിളിച്ചു പറഞ്ഞാണ് ചടങ്ങ് അവസാനിപ്പിച്ചത്.
ഇന്നലെ നിരവധി പ്രതിപക്ഷ എം.പിമാർ സത്യപ്രതിജ്ഞ ചടങ്ങിൽ ഭരണഘടന ഉയർത്തിപ്പിടിച്ചിരുന്നു. ഭരണഘടനയെ ആക്രമിക്കാൻ പ്രതിപക്ഷം സർക്കാരിനെ അനുവദിക്കില്ലെന്ന് മാധ്യമങ്ങളുമായുള്ള അഭിമുഖത്തിൽ രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിക്കുകയും ചെയ്തു.
അതേസമയം, ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനെ സൂചിപ്പിച്ച് കോൺഗ്രസിനെതിരെ ആക്രമണവുമായി മോഡി രംഗത്തെത്തി.
“അധികാരത്തിൽ മുറുകെ പിടിക്കാൻ, അന്നത്തെ കോൺഗ്രസ് സർക്കാർ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ച് രാജ്യത്തെ ജയിലിൽ ആക്കിയെന്നും കോൺഗ്രസിനോട് വിയോജിക്കുന്ന ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും മോഡി പറഞ്ഞു.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് നമ്മുടെ ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ല. ഈ ആളുകൾ തന്നെയാണ് എണ്ണമറ്റ അവസരങ്ങളിൽ ആർട്ടിക്കിൾ 356 അടിച്ചേൽപ്പിക്കുകയും, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ബില്ലുണ്ടാക്കുകയും, ഫെഡറലിസത്തെ നശിപ്പിക്കുകയും, ഭരണഘടനയുടെ എല്ലാ വശങ്ങളും ലംഘിക്കുകയും ചെയ്തതെന്നും മോഡി പറഞ്ഞു.