ന്യൂദൽഹി: കേന്ദ്രസർക്കാരിൻ്റെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തൊട്ടാകെ ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് നിർദേശിക്കുന്നതാണ് റിപ്പോർട്ട്. പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമം ആകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കണം. ഭരണഘടനാ ഭേദഗതി ആവശ്യമാതിനാൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ബില്ലിന് അനുമതി നൽകേണ്ടതുണ്ടത്.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പ്രക്രിയ വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് നടപടികൾ എളുപ്പമാക്കുമെന്ന് സമിതി നിരീക്ഷിച്ചു. വോട്ടെടുപ്പുകൾ സമന്വയിപ്പിക്കുന്നത് ഉയർന്നതും വേഗത്തിലുള്ളതുമായ സാമ്പത്തിക വളർച്ചക്ക് കാരണമാകുമെന്നും അതിനാൽ കൂടുതൽ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ സാധ്യമാകുമെന്നും സമിതി വിലയിരുത്തുന്നു.
അതേസമയം, നിർദ്ദേശം പ്രായോഗികമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഇതൊന്നും വിജയിക്കില്ലെന്നും ജനങ്ങൾ അംഗീകരിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു