പാലക്കാട്– കഴിഞ്ഞ വർഷം ഇതേദിവസമാണ് യു.ഡി.എഫ്-കോൺഗ്രസ് പ്രവർത്തകർക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ പാകത്തിലുള്ള വിജയം രാഹുൽ മാങ്കൂട്ടത്തിൽ സമ്മാനിച്ചത്. പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന ഭൂരിപക്ഷം സ്വന്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. ബി.ജെ.പിയും സി.പി.എമ്മും രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ തെരഞ്ഞെടുപ്പിലാണ് രാഹുൽ വൻ വിജയം സ്വന്തമാക്കിയത്. ഒരു വർഷത്തിന് ശേഷം, അതായത് വിജയം സമ്മാനിച്ച അതേ ദിവസം കോൺഗ്രസ് പ്രവർത്തകർക്കും യു.ഡി.എഫിനും മാനഹാനിയുണ്ടാക്കി രാഹുൽ വില്ലന്റെ വേഷം അണിഞ്ഞിരിക്കുന്നു. രണ്ടു ബലാത്സംഗ കേസുകളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പ്രതിയായിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും മാനഹാനിയുണ്ടാക്കിയാണ് രാഹുൽ വില്ലൻ വേഷത്തിലെത്തിയിരിക്കുന്നത്. ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം പാർട്ടിയിൽനിന്നും രാഹുൽ പുറത്തുപോയിരിക്കുന്നു.
നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും രാഹുലിനെ നീക്കിയിരുന്നു. അതിന് ശേഷം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം, ഇതേ നേരം പാലക്കാട്ടും കേരളത്തിലുമെല്ലാം രാഹുലിന്റെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫും വൻവിജയാഘോഷം നടത്തിയിരുന്നു. എന്നാൽ ഇന്ന് അപമാനത്തിന്റെ മൗനത്തിലാണ് കോൺഗ്രസും യു.ഡി.എഫും.
അതേസമയം, പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ് മുഖം രക്ഷിച്ചിട്ടുണ്ട് എന്ന കാര്യവുമുണ്ട്. മുഴുവൻ നേതാക്കളും രാഹുലിനെ തള്ളിപ്പറയുകയും ഉടൻ എം.എൽ.എ സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ സണ്ണിക്കുട്ടി എബ്രഹാം, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.



