മസ്‌കത്ത് – മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ അലി ബിന്‍ അബൂത്വാലിബ് മസ്ജിദില്‍ തിങ്കളാഴ്ച രാത്രി വിശ്വാസികള്‍ക്കും സുരക്ഷാ സൈനികര്‍ക്കും നേരെ വെടിവെപ്പ് നടത്തിയ അക്രമികള്‍ വിവിധ വകുപ്പുകളില്‍ ഉന്നത തസ്തികകളിലാണ് ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായി. അക്രമികളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത് ഒമാന്‍ പൊതുസമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു. സമാനമായ ഭീകരാക്രമണങ്ങള്‍ക്ക് ഒമാന്‍ മുമ്പ് സാക്ഷ്യം വഹിച്ചിരുന്നില്ല. ആക്രമണത്തിനു മുമ്പ് മൂന്നു പേരും ഐ.എസ് നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഐ.എസ് പുറത്തുവിട്ടു.
സഹോദരന്മാരായ മൂന്നു ഒമാനികളാണ് ആക്രമണം നടത്തിയതെന്നും സുരക്ഷാ സൈനികരെ ചെറുക്കാന്‍ പിടിവാശി കാണിച്ചതിന്റെ ഫലമായി പ്രത്യാക്രമണത്തില്‍ മൂവരും കൊല്ലപ്പെടുകയായിരുന്നെന്നും മൂന്നു പേരെയും ഭീകരവാദം സ്വാധീനിച്ചതായി അന്വേഷണങ്ങളില്‍ വ്യക്തമായതായും ഒമാന്‍ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭീകരരില്‍ ഒരാള്‍ ഡോക്ടറേറ്റ് ബിരുദധാരിയാണ്. ഒമാനിലെ സുപ്രധാന മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
ഒമാന്‍ സാക്ഷ്യം വഹിക്കുന്ന വികസനങ്ങളെയും പുരോഗതികളെയും കുറിച്ച് പ്രതിപാദിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാം ഇയാള്‍ നേരത്തെ തയാറാക്കി ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ വീഡിയോ യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. അക്രമികളില്‍ രണ്ടാമന്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. മൂന്നാമന്‍ നഗരഭാ ജീവനക്കാരനാണ്.
ഇവരുടെ ചെയ്തികള്‍ നിരാകരിക്കുന്നതായി അറിയിച്ചും നിരപരാധികളുടെ രക്തം ചിന്തിയതിനെയും രാജ്യത്തെ സുരക്ഷാ ഭദ്രതക്ക് ഭീഷണി സൃഷ്ടിച്ചതിനെയും അപലപിച്ചും നാലാമത്തെ സഹോദരനായ സുല്‍ത്താന്‍ അല്‍ഹസനി വീഡിയോ പുറത്തുവിട്ടു. ഗായകനായിരുന്ന സുല്‍ത്താന്‍ അല്‍ഹസനി അടുത്ത കാലത്ത് സംഗീത ലോകത്തോട് വിടപറഞ്ഞിരുന്നു. അലി ബിന്‍ അബൂത്വാലിബ് മസ്ജിദില്‍ ആശൂറാ ദിനാചരണത്തില്‍ പങ്കെടുത്ത വിദേശികളെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ചൊവ്വാഴ്ച ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ നാലു പാക്കിസ്ഥാനികളും ഒരു ഇന്ത്യക്കാരനും ഒരു പോലീസ് ഉദ്യോഗസ്ഥനും മരണപ്പെടുകയും വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു അക്രമികളും കൊല്ലപ്പെട്ടിരുന്നു.
ഐ.എസിന്റെ കറുത്ത പതാകക്കു പിന്നില്‍ നിലയുറപ്പിച്ച് ഐ.എസ് നേതാവ് അബൂഹഫ്‌സ് അല്‍ഹാശ്മിക്ക് സഹോദരന്മാരായ അക്രമികള്‍ അനുസരണ പ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോ ആണ് ഐ.എസ് പുറത്തുവിട്ടത്. ഐ.എസിന്റെ അഞ്ചാമത്തെ നേതാവായ അബൂഹഫ്‌സ് അല്‍ഹാശ്മിയെ 2023 ഓഗസ്റ്റിലാണ് അനുനായികള്‍ അനുസരണ പ്രതിജ്ഞ ചെയ്ത് നേതാവായി അംഗീകരിച്ചത്. നാലാമത്തെ നേതാവായിരുന്ന അബുല്‍ഹുസൈന്‍ അല്‍ഹുസൈനി അല്‍ഖുറശി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
ഐ.എസ് പുറത്തുവിട്ട വീഡിയോയില്‍ ആക്രമണത്തില്‍ പങ്കെടുത്ത സഹോദരങ്ങളില്‍ ഒരാളായ ഡോ. ഹമദ് അല്‍ഹസനി വാദി അല്‍കബീറിലെ അലി ബിന്‍ അബൂത്വാലിബ് മസ്ജിദ് ആക്രമണത്തെ വിഭാഗീയ, വംശീയ പദങ്ങള്‍ ഉപയോഗിച്ച് ന്യായീകരിച്ചു. അറബ് ലോകത്തെ യുവാക്കള്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് ഇറങ്ങിത്തിരിക്കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ പണ്ഡിതരെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചാത്യ രാജ്യങ്ങളെയും ആക്രമിക്കുകയും ചെയ്തു. പൊതുവെ മുസ്‌ലിംകള്‍ക്കെതിരെയും വിശിഷ്യാ ഐ.എസിനെതിരെയും ഏറ്റവും വലിയ പ്രത്യയശാസ്ത്ര, സൈനിക, മാധ്യമ, സാമ്പത്തിക യുദ്ധം നടത്തുകയാണ് പശ്ചാത്യ ലോകമെന്ന് വീഡിയോയില്‍ ഡോ. ഹമദ് അല്‍ഹസനി ആരോപിച്ചു.