പാരീസ്- മഴ ഒളിംപിക്സിന്റെ ആദ്യ ദിവസത്തെ മത്സരങ്ങൾ നഷ്ടപ്പെടുത്തിയതിന് പിന്നാലെ, ഇന്ന് നടന്ന മത്സരത്തിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. മിക്സഡ് ടീം 10 മീറ്റർ എയർ റൈഫിളിൻ്റെ ഫൈനലിൽ, കൗമാര ജോഡികളായ ഷെങ് ലിഹാവോ, ഹുവാങ് യുട്ടിംഗ് സഖ്യം ദക്ഷിണ കൊറിയയുടെ ക്യൂം ജി-ഹിയോൺ, പാർക്ക് ഹാ-ജുൻ എന്നിവരെ 16-12 ന് മറികടന്ന് സ്വർണ്ണമണിഞ്ഞു. കസാക്കിസ്ഥാൻ വെങ്കലം നേടി.
സെയ്ൻ നദിക്കരയിൽ നടന്ന ഉദ്ഘാടന സെഷൻ മഴയിൽ കുതിർന്നിരുന്നു. മഴയെ തുടർന്ന്, പാരീസിൻ്റെ ചരിത്രഹൃദയമായ പ്ലേസ് ഡി ലാ കോൺകോർഡിൽ നടക്കാനിരുന്ന പുരുഷന്മാരുടെ സ്ട്രീറ്റ് സ്കേറ്റ്ബോർഡിംഗ് മത്സരം തിങ്കളാഴ്ച വരെ മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.
റോളണ്ട് ഗാരോസിലെ ടെന്നീസിൻ്റെ ഓപ്പണിംഗ് റൗണ്ടുകളിലെ കളിയും മഴ തടസ്സപ്പെടുത്തി, പ്രാദേശിക സമയം 13:30 വരെ പുറത്തുനിന്നുള്ള 10 കോർട്ടുകളിൽ ഒന്നിലും മത്സരങ്ങൾ നടന്നില്ല. അതേസമയം, ചടങ്ങിനിടെ ദക്ഷിണ കൊറിയയുടെ അത്‌ലറ്റുകളെ ഉത്തരകൊറിയൻ എന്ന് തെറ്റായി പരിചയപ്പെടുത്തിയതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ക്ഷമാപണം നടത്തി. ഓപ്പണിംഗ് ചടങ്ങിൻ്റെ സംപ്രേക്ഷണ വേളയിൽ ദക്ഷിണ കൊറിയൻ ടീമിനെ പരിചയപ്പെടുത്തുമ്പോൾ സംഭവിച്ച തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് കൊറിയൻ ഭാഷയിൽ നടത്തിയ ക്ഷമാപണത്തിൽ ഒളിംപിക്സ് കമ്മിറ്റി വ്യക്തമാക്കി.