ജിദ്ദ – സൗദിയില്‍ ഒരു ബാരല്‍ എണ്ണയുല്‍പാദിപ്പിക്കാനുള്ള ചെലവ് കഴിഞ്ഞ കൊല്ലം 11 ശതമാനം തോതില്‍ ഉയര്‍ന്ന് 3.53 ഡോളര്‍ (13.24 റിയാല്‍) ആയി. 2023 ല്‍ ഇത് 3.19 ഡോളറായിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ ഒരു ബാരല്‍ എണ്ണയുല്‍പാദിപ്പിക്കാന്‍ ചെലവ് 2.8 ഡോളറും 2020, 2021 വര്‍ഷങ്ങളില്‍ മൂന്നു ഡോളറും 2022 ല്‍ 3.05 ഡോളറുമായിരുന്നു. പര്യവേക്ഷണ, ഉല്‍പാദന മേഖലയിലെ മൂലധനച്ചെലവ് 31 ശതമാനം തോതില്‍ വര്‍ധിച്ച് ബാരലിന് 8.3 ഡോളറില്‍ (31.1 റിയാല്‍) എത്തി.
സൗദി അറേബ്യയുടെ സവിശേഷമായ ഭൂമിശാസ്ത്ര ഘടനയും സൗദി അറാംകൊ കമ്പനിക്കു കീഴില്‍ കരയിലെയും ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളിലെയും എണ്ണ നിക്ഷേപങ്ങളുടെ അനുകൂലമായ അന്തരീക്ഷവും കാരണം സൗദിയില്‍ എണ്ണ ഖനന ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണാ സേവന ശൃംഖലകളുടെയും ഉപയോഗം, കുറഞ്ഞ ശോഷണ നിരക്ക് പ്രവര്‍ത്തന മാതൃക, ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ കമ്പനി നേട്ടങ്ങളുണ്ടാക്കുന്നുണ്ട്.
2024 ല്‍ സൗദി അറാംകോയുടെ പ്രതിദിന ഹൈഡ്രോകാര്‍ബണ്‍ ഉല്‍പാദനം മൂന്നു ശതമാനം തോതില്‍ കുറഞ്ഞ് 12.4 ദശലക്ഷം ബാരലിലെത്തി. എണ്ണ, പ്രകൃതിവാതക ദ്രാവകങ്ങള്‍, കണ്ടന്‍സേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ദ്രാവക ഉല്‍പാദനം നാലു ശതമാനം തോതില്‍ കുറഞ്ഞ് പ്രതിദിനം 10.3 ദശലക്ഷം ബാരലായി.