ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സ്‌പെയിനിന്റെയും നോര്‍വെയുടെയും അയര്‍ലന്റിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും. സുപ്രധാനവും ചരിത്രപരവുമായ ഈ ചുവടുവെപ്പ് അന്താരാഷ്ട്ര നിയമങ്ങളുമായും യു.എന്‍ പ്രമേയങ്ങളുമായും പൊരുത്തപ്പെടുന്നുവെന്നും ഫലസ്തീനെ അംഗീകരിക്കാത്ത മറ്റു രാഷ്ട്രങ്ങൾ ഈ മാതൃക പിന്തുടരണമെന്നും സൗദി ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സ്ഥിരീകരിക്കാനും അന്താരാഷ്ട്ര രംഗത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പദവി ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ഒ.ഐ.സി വ്യക്തമാക്കി.
കിഴക്കന്‍ ജറൂസലം അടക്കം 1967 ല്‍ ഇസ്രായില്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് സ്‌പെയിനിന്റെയും നോര്‍വെയുടെയും അയര്‍ലന്റിന്റെയും നിലപാടുകള്‍ കരുത്തു പകരുകയും ഫലസ്തീന്‍ ജനതക്ക് നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവ കൈവരിക്കുന്നതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യും.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ കാഴ്ചപ്പാടിനും യു.എന്‍ പ്രമേയങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി, ഇതുവരെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം പ്രഖ്യാപിക്കണമെന്നും യു.എന്നില്‍ പൂര്‍ണ അംഗത്വം തേടിയുള്ള ഫലസ്തീന്റെ അപേക്ഷയെ പിന്തുണക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
മെയ് 28 ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗര്‍ സ്‌റ്റോറയും ഇന്നലെ പ്രഖ്യാപിച്ചു. അയര്‍ലന്റ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും പറഞ്ഞു. ഇന്ന് നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം പ്രഖ്യാപിക്കുന്നു. അയര്‍ലന്റിനും ഫലസ്തീനും ഇത് ചരിത്രപരവും പ്രധാനപ്പെട്ടതുമായ ദിവസമാണെന്നും സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ മാതൃകയും യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയും പിന്തുടരാനും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും മറ്റു രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ശക്തമായ സന്ദേശം നല്‍കുന്നതായി നോര്‍വീജിയിന്‍ പ്രധാനമന്ത്രി പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള പാത പുനരാരംഭിക്കാന്‍ പുതിയ ആക്കം നല്‍കിയേക്കുമെന്നും ജോനാസ് ഗര്‍ സ്‌റ്റോറ പറഞ്ഞു.
അതേസമയം, ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനത്തിന് തിരിച്ചടിയെന്നോണം അയര്‍ലന്റില്‍ നിന്നും നോര്‍വേയില്‍ നിന്നും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായില്‍ തിരിച്ചുവിളിച്ചു. ഇരു രാജ്യങ്ങളും ധിറുതി പിടിച്ചെടുത്ത് നടത്തിയ ചുവടുവെപ്പുകള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഇസ്‌റായില്‍ കാറ്റ്‌സ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയാല്‍ സ്‌പെയിനെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി മുന്നറിയിപ്പ് നല്‍കി.