ജിദ്ദ – സൗദിയില്‍ രണ്ടു മുതല്‍ പതിനാലു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയിലെ പൊണ്ണത്തടി നിരക്ക് ഈ വര്‍ഷം ഇരട്ടിയായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഡാറ്റകള്‍ വ്യക്തമാക്കുന്നു. ഈ പ്രായവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കിടയില്‍ 14.6 ശതമാനവും പൊണ്ണത്തടിക്കാരാണ്.
കഴിഞ്ഞ കൊല്ലം ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കിടയിലെ പൊണ്ണത്തടി നിരക്ക് 7.3 ശതമാനമായിരുന്നു. സൗദിയില്‍ 33.3 ശതമാനം കുട്ടികള്‍ അമിതഭാരമുള്ളവരാണെന്ന് അതോറിറ്റി പുറത്തുവിട്ട ഈ വര്‍ഷത്തെ ദേശീയ ആരോഗ്യ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ഇത് 10.5 ശതമാനമായിരുന്നു. പതിനഞ്ചും അതില്‍ കൂടുതലും പ്രായമുള്ള മുതിര്‍ന്നവരില്‍ പൊണ്ണത്തടി വ്യാപനം 23.1 ശതമാനമാണ്. കഴിഞ്ഞ കൊല്ലം മുതിര്‍ന്നവരില്‍ പൊണ്ണത്തടി വ്യാപനം 23.7 ശതമാനമായിരുന്നു. മുതിര്‍ന്നവരില്‍ 45.1 ശതമാനം പേര്‍ അമിതഭാരമുള്ളവരാണ്. മുതിര്‍ന്നവര്‍ക്കിടയില്‍ 31.2 ശതമാനം പേര്‍ അനുയോജ്യമായ ശരീരഭാരമുള്ളവരാണ്. കഴിഞ്ഞ കൊല്ലം അനുയോജ്യമായ ശരീരഭാരമുള്ളവരുടെ നിരക്ക് 29.5 ശതമാനമായിരുന്നു.
രാജ്യത്ത് മുതിര്‍ന്നവര്‍ക്കിടയില്‍ പുകവലി വ്യാപനം 12.4 ശതമാനമാണ്. നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നവരുടെ അനുപാതം 33 ശതമാനമാണ്. മുതിര്‍ന്നവരില്‍ 30 ശതമാനം പേരും കളിസ്ഥലങ്ങള്‍, പൊതുതെരുവുകള്‍, കെട്ടിട പ്രവേശന കവാടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ തുറസ്സായ പൊതുസ്ഥലങ്ങളില്‍ നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നതായി സര്‍വേ ഫലങ്ങള്‍ കാണിക്കുന്നു. 23.1 ശതമാനം പേര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, വാഹനങ്ങള്‍, തിയേറ്ററുകള്‍ പോലെ അടച്ചിട്ട (ക്ലോസ്ഡ്) പൊതുസ്ഥലങ്ങളില്‍ നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നു. വീടുകളില്‍ 11.3 ശതമാനം പേര്‍ നിഷ്‌ക്രിയ പുകവലിക്ക് വിധേയരാക്കുന്നു. പുകവലിക്കാരില്‍ 29.9 ശതമാനം പേര്‍ ദിവസേന രണ്ടു മുതല്‍ അഞ്ചു സിഗരറ്റുകള്‍ വരെ വലിക്കുന്നു. 10.4 ശതമാനം പേര്‍ പ്രതിദിനം 20 ലേറെ സിഗരറ്റുകള്‍ വലിക്കുന്നു. 6.9 ശതമാനം പുകവലിക്കാര്‍ ദിവസേന ഒരു സിഗരറ്റില്‍ താഴെയാണ് വലിക്കുന്നത്.
സൗദി ജനസംഖ്യയില്‍ 10.2 ശതമാനം പേര്‍ ദിവസേന അഞ്ചു നേരം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നു. മുതിര്‍ന്നവരില്‍ 84.8 ശതമാനം പേര്‍ ദിവസേന നാലു നേരം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നു. സൗദി ജനസംഖ്യയില്‍ അഞ്ചു ശതമാനം പേര്‍ ദിവസത്തില്‍ ഒരു തവണ പോലും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാത്തവരാണെന്നും ദേശീയ ആരോഗ്യ സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു.