മുംബൈ>> പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) ഇനി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് (എഫ്പിഐ) ഫണ്ടുകള്‍ മുഖേന 100 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാം. ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് കഴിഞ്ഞ ദിവസം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതുവരെ വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ 50 ശമതാനം വരെ ഓഹരി നിക്ഷേപത്തിനെ അനുമതി ഉണ്ടായിരുന്നുള്ളൂ. പ്രവാസി ഇന്ത്യക്കാരില്‍ നിന്നും കൂടുതല്‍ മൂലധനം ഇന്ത്യന്‍ ഓഹരി വിപണിയിലെത്തിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കിത് പുതിയ നിക്ഷേപ അവസരങ്ങളാണ് ഇത് തുറന്നിടുന്നത്. 100 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായ പ്രവാസി ഇന്ത്യക്കാര്‍ അവരുടെ പാന്‍, കെവൈസി രേഖകള്‍ എന്നിവ സമര്‍പ്പിച്ചിരിക്കണം.
വര്‍ഷംതോറും ഭീമമായ തുക ഇന്ത്യയിലേക്ക് അയക്കുന്ന വലിയൊരു പ്രവാസി ഇന്ത്യന്‍ സമൂഹമുണ്ടെങ്കിലും ഓഹരി വിപണിയിലെ ഇവരുടെ നിക്ഷേപം താരതമ്യേന വളരെ തുച്ഛമാണ്. സെബിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാരുടേതായി 47 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ട്. എന്നാല്‍ ഇതില്‍ പ്രവാസി ഇന്ത്യക്കാരുടേതായി വെറും 6,761 കോടി രൂപ മാത്രമെ ഉള്ളൂ. അതേസമയം, പ്രവാസി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന തുക 2.5 ലക്ഷം കോടി രൂപയോളം വരും.
ഒരു എഫ്പിഐ ഫണ്ടില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒന്നിച്ച് പരമാവധി 50 ശമതാനം ഓഹരി നിക്ഷേപത്തിനു മാത്രമെ ഇതുവരെ അവസരമുണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, ഒരു എഫ്പിഐയില്‍ ഒരു പ്രവാസിക്ക് 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഉടമസ്ഥാവകാശവും ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ഓഹരി വപിണിയില്‍ സജീവമായി നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്ന വിദേശ ഇന്ത്യക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളികളായിരുന്നു ഇത്. പ്രവാസികള്‍ നിക്ഷേപിച്ച പണം തിരിച്ചുകൊണ്ടുപോകുമോ എന്ന ആശങ്ക കാരണം സെബിയുടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 100 ശമതാനം നിക്ഷേപ അനുമതി ലഭിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ അനുഗ്രഹമായി.