അബുദാബി: യുഎഇയിൽ സ്വദേശികളല്ലാത്തവർ മാധ്യമങ്ങളിൽ യുഎഇയിലെ പ്രാദേശിക അറബി ശൈലിയിൽ സംസാരിക്കുന്നതിന് വിലക്ക്. ചില മാധ്യമങ്ങളിൽ യുഎഇയുടെ തനത് ഭാഷാ ശൈലിയേയും സംസ്കാരിക ചിഹ്നങ്ങളേയും വക്രീകരിക്കുന്നതായി കണ്ടതിനെ തുടർന്നാണ് ഈ നടപടി. പുതിയ നയം അനുസരിച്ച് മാധ്യമങ്ങളിലും യുഎഇ ശൈലിയിൽ സംസാരിക്കാൻ യുഎഇ പൗരന്മാർക്ക് മാത്രമാണ് അനുമതിയുള്ളത്. ഇമാറാത്തി സ്വത്വത്തിന്റെയും സംസ്കാരത്തിന്റേയും ആധികാരികത സംരക്ഷിക്കാനും ഈ നയം ലക്ഷ്യമിടുന്നു.
പുതിയ നയം നടപ്പാക്കിയ ശേഷം ഇതു ലംഘിച്ച നിരവധി സംഭവങ്ങൾ ശ്രദ്ധയിലിൽപ്പെട്ടതായി ബുധനാഴ്ച ഫെഡറൽ നാഷനൽ കൗണ്‍സിലില്‍ നടന്ന ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ പുതിയ നയം മൂന്ന് മാസം മുമ്പ് നടപ്പാക്കിയതായി നാഷണൽ മീഡിയ ഓഫീസ് ചെയർമാനും എമിറേറ്റ്‌സ് മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു. ഇതു ലംഘിക്കപ്പെടുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വത്വത്തേയും സൽപ്പേരിനേയും കളങ്കപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അതേസമയം ഈ നയം ലംഘനത്തിനുള്ള പിഴ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ല.
യുഎഇയുടെ ശരിയായ സ്വത്വം സംര്ക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.