ന്യൂദൽഹി: ടാറ്റാ ട്രസ്റ്റ് ചെയർമാനായി രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയെ നിയമിച്ചു. മുംബൈയിൽ ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിൽ ടാറ്റ സ്റ്റീലിൻ്റെയും വാച്ച് കമ്പനിയായ ടൈറ്റൻ്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മയായ ഫ്രഞ്ച്-സ്വിസ് കാത്തലിക് ആയ നോയലിന്റെ അമ്മ സിമോൺ ടാറ്റ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ, ടാറ്റ ഇൻ്റർനാഷണൽ എന്നിവയുടെ ചെയർമാനാണ്.
2000-കളുടെ തുടക്കത്തിൽ ടാറ്റായിൽ ചേർന്നതു മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ പ്രധാന വ്യക്തിയാണ് നോയൽ ടാറ്റ. സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും യോഗത്തിന് ശേഷമാണ് നോയലിനെ ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചത്. 14 ടാറ്റ ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അംബ്രല്ല ബോഡിയാണ് ടാറ്റ ട്രസ്റ്റ്.
ടാറ്റ സൺസിൻ്റെ ഉടമസ്ഥത സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നീ രണ്ടു പ്രധാന ട്രസ്റ്റുകൾക്കാണ്. ടാറ്റ ട്രസ്റ്റിൽ നിലവിൽ വേണു ശ്രീനിവാസൻ, വിജയ് സിംഗ്, മെഹ്ലി മിസ്ത്രി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബ ബിസിനസുമായി ബന്ധപ്പെടാറില്ല. ദക്ഷിണ മുംബൈയിലെ കൊളാബയിലെ രണ്ട് കിടപ്പുമുറികൾ മാത്രമുള്ള അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹം താമസിക്കുന്നത്.
1937-ൽ ഒരു പരമ്പരാഗത പാഴ്സി കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റയ്ക്ക് 10 വയസ്സുള്ളപ്പോൾ മാതാപിതാക്കളായ നവലും സൂനി ടാറ്റയും വിവാഹമോചിതരായിരുന്നു. തുടർന്ന് മുത്തശ്ശിയാണ് രത്തൻ ടാറ്റയെ വളർത്തിയത്.