വാഷിങ്ടൺ– പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയില്ല. ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎസ് പ്രതിനിധി സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഞായറാഴ്ച പുലർച്ചെ മാധ്യമങ്ങളോട് വ്യക്തമാക്കി. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ അർധരാത്രി പിന്നിട്ടും നീണ്ടുനിന്നെങ്കിലും അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ല. പ്രത്യേകിച്ച്, ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ഉറപ്പും ഇറാൻ്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയായതായും ഒരു കരാറിലും എത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനുമായി കരാറിൽ എത്തിയാലും ഇല്ലെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. ചർച്ചകളുടെ ഫലം എന്തുതന്നെയായാലും തനിക്ക് പ്രശ്നമില്ലെന്നും അമേരിക്ക സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും നാവിക-വ്യോമ സേനകളോ റഡാർ സംവിധാനങ്ങളോ അവർക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. വർഷങ്ങളോളം ഇറാനെ നയിച്ച ഖമേനി അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുദ്ധത്തിൽ ചൈന ഇറാനെ പിന്തുണച്ചാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ചർച്ചകളിൽ ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വക്താവ് എസ്മയിൽ ബഗായ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം, ആണവ പദ്ധതി, ഉപരോധങ്ങൾ പിൻവലിക്കൽ, യുദ്ധ നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ വിശദമായ ചർച്ചകൾ നടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. അമേരിക്കയുടെ മുൻകാല വാഗ്ദാന ലംഘനങ്ങൾ മറക്കില്ലെന്ന് ഓർമ്മിപ്പിച്ച ഇറാൻ, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും നന്ദി അറിയിച്ചു. നേരത്തെ, ഇറാന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയായിരുന്നത്.



